Ramachandran. P.P

പ്രശസ്‌ത തമിഴ്‌ സാഹിത്യകാരന്‍ ജയമോഹന്റെ ഉത്സാഹത്തില്‍ തമിഴ്‌-മലയാള കവികളുടെ കൂടിച്ചേരല്‍ ഇടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്‌. ഗുരു നിത്യചൈതന്യയതിയുടെ ഓര്‍മ്മയില്‍ 'നിത്യാ കവിതയരങ്ങ്‌' എന്നാണ്‌ ഇതറിയപ്പെടുന്നത്‌. കുറ്റാലത്തായിരുന്നു തുടക്കം. പിന്നീട്‌ ഊട്ടി, ഹൊഗനേക്കല്‍ എന്നിവിടങ്ങളിലും ഇത്തരം സംഗമങ്ങള്‍ നടന്നിരുന്നു. ഇത്തവണ മെയ്‌ 1,2,3 തിയ്യതികളില്‍ ഊട്ടിയിലെ നാരായണഗുരുകുലത്തില്‍വെച്ചായിരുന്നു അത്‌.

മലയാളത്തില്‍നിന്ന്‌ കല്‌പറ്റ നാരായണന്‍‍, വീരാന്‍കുട്ടി, പി രാമന്‍‍, അന്‍വര്‍ അലി, ബിന്ദു കൃഷ്‌ണന്‍, സെബാസ്റ്റ്യന്‍, വിഷ്‌ണുപ്രസാദ് ‌, എസ്‌ ജോസഫ് ‌, പി പി രാമചന്ദ്രന്‍ എന്നിവരും തമിഴില്‍നിന്ന്‌ ദേവതച്ചന്‍, രാജസുന്ദരരാജന്‍, മോഹനരംഗന്‍, മകുടേശ്വരന്‍, എം യുവന്‍, സുകുമാരന്‍, വാ മണികണ്‌ഠന്‍ എന്നിവരുമാണ്‌ പങ്കെടുത്തത്‌. കൂടാതെ പ്രത്യേക ക്ഷണിതാക്കളായി ഏതാനും വായനക്കാരും ചര്‍ച്ചകളില്‍ സന്നിഹിതരായിരുന്നു.

ഇരുഭാഷയിലേയും പുതുകവിതയിലെ സമകാലികപ്രവണതകള്‍ തിരിച്ചറിയുക, രചനകളുടെ സൂക്ഷ്‌മവിശകലനത്തിലൂടെ ആവിഷ്‌കാരത്തിലും ആസ്വാദനത്തിലും കൂടുതല്‍ ദക്ഷത കൈവരിക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്തുക തുടങ്ങിയവയാണ്‌ ഈ സംവാദത്തിന്റെ ലക്ഷ്യം. എന്ത്‌ ആവിഷ്‌കരിക്കുന്നു എന്നല്ല, എങ്ങനെ ആവിഷ്‌കരിച്ചിരിക്കുന്നു എന്നാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. കവിതയില്‍ ഉന്നയിക്കുന്ന ആശയത്തിന്റെ സാംഗത്യമല്ല മറിച്ച്‌ അതിനായി കവി സ്വീകരിക്കുന്ന പദ-ബിംബങ്ങളുടെ തിരഞ്ഞെടുപ്പും അവയുടെ വിന്യാസത്തിലെ മൗലികതയും നവീനതയുമെല്ലാമാണ്‌ പൊതുവേ പരിശോധിക്കപ്പെടുന്നത്‌. കവികള്‍ക്ക്‌ സ്വന്തം രചനാശൈലിയെ വിമര്‍ശനവിധേയമാക്കുവാനും പുതുക്കുവാനും ഉപകാരപ്പെട്ടേക്കാവുന്ന ഈ കൂടിച്ചേരലിനെ 'പണിയായുധങ്ങളുടെ പണിപ്പുര' എന്നും വിശേഷിപ്പിക്കാമെന്നു തോന്നുന്നു.

മലയാളത്തില്‍ ഇന്ന്‌ ഇത്തരം കവിസംഗമങ്ങള്‍ വിരളമാണെങ്കിലും മികച്ച കവിതക്കളരികള്‍ നമ്മുടെ കാവ്യചരിത്രത്തിലുണ്ട്‌. നവോത്ഥാനത്തിനുമുമ്പ്‌ കോവിലകങ്ങളെയും കൊട്ടാരങ്ങളേയും കേന്ദ്രീകരിച്ചായിരുന്നു അതെങ്കില്‍ പില്‍ക്കാലത്ത്‌ 'കോലായ'കളായിരുന്നു കേന്ദ്രം. ആധുനികതയുടെ ഉദയനാളുകളില്‍ കോഴിക്കോട്ടെ കോലായചര്‍ച്ചകള്‍ എത്ര നിശിതവും നിഷ്‌കൃഷ്ടവുമായിരുന്നു എന്ന്‌ ആ ചര്‍ച്ചകള്‍ സമാഹരിച്ചുപുറത്തിറക്കിയ പുസ്‌തകങ്ങള്‍ നമ്മോടു പറയും. കക്കാടും ആര്‍.രാമചന്ദ്രനും അക്കിത്തവും എന്‍ പിയും മറ്റുമായിരുന്നു അവിടെ രചനകള്‍ വായിച്ച്‌ വിമര്‍ശനത്തിനു വിധേയരായിരുന്നത്‌. വിമര്‍ശനങ്ങളെ സഹിഷ്‌ണുതയോടെ നേരിടാനുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്താനും രചനയില്‍ കൂടുതല്‍ ഉത്തരവാദിത്വം പാലിക്കാനും ഇത്തരം തുറന്നചര്‍ച്ചകള്‍ കവികള്‍ക്കു സഹായകമായിരിക്കുമെന്ന്‌ തീര്‍ച്ചയാണ്‌.

ജയമോഹന്റെ നേതൃത്വത്തിലുള്ള ഈ ശില്‌പശാലകളില്‍ ഇരുഭാഷകളിലെ കവികള്‍ എത്തിച്ചേരുന്നു എന്ന വിശേഷമുണ്ട്‌. മാത്രമല്ല, മലയാളത്തിലും തമിഴിലും എഴുതാറുള്ള ജയമോഹന്‌ ചര്‍ച്ചകള്‍ക്ക്‌ മധ്യവര്‍ത്തിയായിരിക്കാനും സൗകര്യമുണ്ട്‌. മാസങ്ങള്‍ക്കുമുമ്പുതന്നെ കവികളെ തെരഞ്ഞെടുക്കുന്നതും ക്ഷണിക്കുന്നതും ഇരുഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നതും ജയമോഹന്‍ തന്നെയാണ്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിരുചി പലപ്പോഴും ചര്‍ച്ചകളുടെ വ്യാപ്‌തി കുറയ്‌ക്കുന്നു എന്നതാണ്‌ എനിക്കു തോന്നിയ പോരായ്‌മ. ജയമോഹന്റെ കാവ്യസങ്കല്‌പത്തോടു പൊരുത്തപ്പെടാവുന്നവരെ മാത്രമേ അദ്ദേഹം ശില്‌പശാലയിലേക്കു ക്ഷണിക്കാറുള്ളു. മലയാളത്തില്‍നിന്ന്‌ കല്‌പറ്റ നാരായണനും ടി പി രാജീവനും വീരാന്‍കുട്ടിയും പി രാമനുമാണ്‌ ഏറെക്കുറെ എല്ലാ ക്യാമ്പുകളിലും സംബന്ധിച്ചിട്ടുള്ളത്‌. ഇത്തവണ മലയാളത്തില്‍നിന്ന്‌ ഏറ്റവും ശ്രദ്ധേയനായ കവി വിഷ്‌ണുപ്രസാദ്‌ ആയിരുന്നു. അച്ചടിയില്‍ പ്രത്യക്ഷപ്പെടാത്ത വിഷ്‌ണുവിനെ ഹരിതകത്തിലൂടെയാണ്‌ താന്‍ കണ്ടെത്തിയതെന്ന്‌ ജയമോഹന്‍ പറഞ്ഞു. ജയമോഹന്റെ ക്യാമ്പുകളില്‍ സ്‌ത്രീകവികള്‍ താരതമ്യേന കുറവാണ്‌. തമിഴില്‍നിന്ന്‌ കുട്ടിരേവതി മാത്രമേ പങ്കെടുത്തിട്ടുള്ളു എന്ന്‌ കല്‌പറ്റ നാരായണന്‍ പറയുന്നു. മലയാളത്തില്‍നിന്ന്‌ അനിത തമ്പിയും ഇപ്പോള്‍ ബിന്ദു കൃഷ്‌ണനും വന്നിട്ടുണ്ട്‌.

ബിംബനിര്‍മ്മിതിയിലെ അപൂര്‍വ്വതയും സൂക്ഷ്‌മതയുമാണ്‌ കവിതയെ വ്യത്യസ്‌തമാക്കുന്ന സൗന്ദര്യശാസ്‌ത്രമെന്നാണ്‌ പൊതുവേ ജയമോഹന്റെ നിരീക്ഷണം. വാക്കുകളുടെ ശബ്ദസൗന്ദര്യം അഥവാ സംഗീതാത്മകതയെ അദ്ദേഹം കാവ്യബാഹ്യമായിക്കരുതുന്നു. കവിത പാടാനോ ചൊല്ലാനോ ഉള്ളതല്ല. 'വാക്കുകള്‍ ചേര്‍ത്തുണ്ടാകുന്ന നക്ഷത്ര'മാണ്‌ അദ്ദേഹത്തിനു കവിത. മലയാളത്തില്‍ പ്രചാരമുള്ള കവിതാലാപനരീതി അങ്ങേയറ്റം പ്രകടനപരവും ശുദ്ധകവിതയെ ദുര്‍ബ്ബലപ്പെടുത്തുന്നതുമാണെന്ന്‌ അദ്ദേഹം മുമ്പൊരിക്കല്‍ ഭാഷാപോഷിണിയിലെ വിവാദലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ജയമോഹന്റെ ഈ നിരീക്ഷണങ്ങളോട്‌ വ്യക്തിപരമായി എനിക്കു വിയോജിപ്പുണ്ട്‌. ഭാഷയുടെ ശബ്ദസംവിധാനത്തിന്‌ ഭാവോന്മീലനത്തിനുള്ള സാദ്ധ്യത അവഗണിക്കാനാവില്ലെന്ന്‌ നമ്മുടെ കാവ്യപാരമ്പര്യത്തില്‍നിന്ന്‌ നിരവധി ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കാന്‍ കഴിയും. കാണാവുന്ന ഇമേജുകള്‍ മാത്രമല്ല, കേള്‍ക്കാവുന്ന ഇമേജുകളുമാവാമല്ലോ. കവിത ബിംബരചനയോ ആശയാഹ്വാനമോ എന്തായിരിക്കുമ്പോഴും അതിലൊരു ഭാഷാനുഭവമുണ്ടായിരിക്കേണ്ടതില്ലേ? പദ്യമായാല്‍ പാട്ടാണെന്നും പഴമയാണെന്നും മുദ്രചാര്‍ത്തുന്നത്‌ വിവേകമല്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

ജയമോഹന്റെ തിരഞ്ഞെടുപ്പിലുള്ള മറ്റൊരു പ്രധാന ന്യൂനത കവിതകളുടെ വൈവിദ്ധ്യമില്ലായ്‌മയാണ്‌. തമിഴില്‍നിന്ന്‌ അദ്ദേഹം മൊഴിമാറ്റിയ രചനകളെല്ലാം ഏറെക്കുറെ സമാനസ്വഭാവമുള്ളവയാണ്‌. ഇമേജുകള്‍ക്ക്‌ ദേശകാലസൂചകങ്ങളില്ല. വിശേഷതയിലല്ല, സാമാന്യതയിലാണ്‌ ഊന്നല്‍. ആര്‍ക്കും എവിടേയും ഏതുകാലത്തും വ്യാഖ്യാനിക്കാനാവുന്നവിധം ഒരു സൂചകമായി അവ നില്‍ക്കും. ആറ്റൂരിന്റെ 'പുതുനാനൂറ്‌' എന്ന വിവര്‍ത്തനസമാഹാരത്തില്‍ കാണുന്ന വൈവിദ്ധ്യം ജയമോഹന്റെ തിരഞ്ഞെടുപ്പില്‍ എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ഊട്ടിയില്‍ ഇത്തവണ ചര്‍ച്ചയ്‌ക്കുവന്ന തമിഴ്‌ കവിതകളെല്ലാം ഹരിതകത്തില്‍ കൊടുത്തിട്ടുണ്ട്‌. അവയിലെല്ലാം ഒരേകതാനത ഇല്ലേ, വിവര്‍ത്തനത്തില്‍ സംഭവിച്ചിട്ടുള്ള കല്ലുകടികള്‍ കണ്ടില്ലെന്നു നടിച്ചാലും? എന്നിരുന്നാലും ഊട്ടി ചര്‍ച്ചകളില്‍ മലയാളത്തില്‍നിന്ന്‌ ഏറ്റവും പ്രതീക്ഷനല്‍കുന്ന കവിയായി വിഷ്‌ണുപ്രസാദിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ കടുത്തനിലപാടുകളില്‍ അയഞ്ഞുപോയ ഒരു ജയമോഹനെയാണ്‌ എനിക്ക്‌ കാണാന്‍ സാധിച്ചത്‌. വിഷ്‌ണുവിന്റെ വായന തമിഴ്‌കവികള്‍ വിസ്‌മയപൂര്‍വ്വം കേട്ടിരുന്നത്‌ ഞാനോര്‍ക്കുന്നു. വായന തീര്‍ന്നയുടനെ അവര്‍ വിഷ്‌ണുവിനെ വലയംചെയ്‌ത്‌ അഭിനന്ദിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.

ഒരുപക്ഷെ സ്വന്തംഭാഷാകവിതകളിലെ മടുപ്പിക്കുന്ന ഏകതാനതതന്നെയായിരിക്കുമോ വിഷ്‌ണുവിന്റെ രചനകളെ അവര്‍ക്ക്‌ വിസ്‌മയകരമാക്കിത്തീര്‍ത്തത്‌? മലയാളകവികള്‍ക്കും അതനുഭവപ്പെടാതിരുന്നില്ല. ഞാനും അന്‍വര്‍അലിയുമൊഴിച്ച്‌ മറ്റെല്ലാവരും വിഷ്‌ണുവിനെ ആദ്യം കേള്‍ക്കുകയായിരുന്നു. കാരണം വിഷ്‌ണു അച്ചടിയുടെ ആധികാരികത അവകാശപ്പെടാനില്ലാത്ത ഒരു 'ബ്ലാഗുകവി'യാണല്ലോ! അതിരിക്കട്ടെ, എന്താണ്‌ വിഷ്‌ണുവിനെ വേറിട്ടുനിര്‍ത്തിയത്‌? ലാളിത്യം, ആഖ്യാനത്തിലെ ചടുലത, നിര്‍മ്മമമായ നര്‍മ്മം, ജീവിതനിരീക്ഷണം, സര്‍വ്വോപരി ഒട്ടും പ്രകടനപരതയില്ലാത്ത ആ നാട്ടുമൊഴി? തീര്‍ച്ചയായും അതെല്ലാമുണ്ട്‌ കൂടാതെ വായനക്കുശേഷവും നമ്മെ പിന്തുടരുന്ന നക്ഷത്രങ്ങളും. ഒരു തമിഴ്‌ കവി പറഞ്ഞു, 'ബഷീര്‍ കവിതയെഴുതിയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നു' എന്ന്‌. അത്യുക്തി കുറച്ചെടുത്താല്‍ അതു വലിയ അംഗീകാരം തന്നെ. കോഴിയമ്മ, അലര്‍ച്ച, പശു, നദി, എന്നീ കവിതകളാണ്‌ വിഷ്‌ണു വായിച്ചത്‌.

ബിന്ദു കൃഷ്‌ണന്റെ 'ചൊല്ലിച്ചൊല്ലി', സെബാസ്‌റ്റിയന്റെ 'വില്‌പന', എസ്‌ ജോസഫിന്റെ 'മീന്‍കാരന്‍', അന്‍വര്‍അലിയുടെ ഉച്ചനേരം, കല്‌പറ്റനാരായണന്റെ കര്‍മ്മഫലം, പി രാമന്റെ ഒരു കവിയുടെ നീണ്ട മൗനം, വീരാന്‍കുട്ടിയുടെ പൂത്തപടി, പി പി രാമചന്ദ്രന്റെ 'കാറ്റേ കടലേ' എന്നീ കവിതകളാണ്‌ മലയാളത്തില്‍നിന്ന്‌ മികച്ചതായി വിലയിരുത്തപ്പെട്ട മറ്റു രചനകള്‍.

എഴുത്തു നിര്‍ത്തിയ കവിയാണ്‌ തമിഴിലെ രാജസുന്ദരരാജന്‍. അദ്ദേഹം എഴുപതുകളിലെഴുതിയ ഏതാനും കവിതകള്‍ ക്യാമ്പില്‍ വായിച്ചു. പഴഞ്ചൊല്ലുകളേയും കടംകഥകളേയും ഓര്‍മ്മിപ്പിക്കുന്ന കുറുകിയവരികളില്‍ മനുഷ്യപ്രകൃതിയേയും പ്രകൃതിയിലെ മനുഷ്യനേയും അദ്ദേഹം ആവിഷ്‌കരിക്കുന്നു. പ്രയോജനം, മറ്റൊരാളുടെ തോട്ടം എന്നിവ ശ്രദ്ധേയമായി. സാധാരണജീവിതമുഹൂര്‍ത്തങ്ങളെ ഒരു ശില്‌പിയുടെ ഏകാഗ്രതയോടെ ഭാഷയില്‍ കൊത്തിവക്കുന്നു ദേവതച്ചന്‍ എന്ന മുതിര്‍ന്ന കവി. ദേവതച്ചന്റെ നാല്‌പതു സെക്കന്റ്‌ എന്ന രചന അപൂര്‍വ്വതകൊണ്ട്‌ പ്രശംസനീയമായി. വൈയക്തികബിംബങ്ങളിലൂടെ ആത്മപ്രകാശനത്തിനു ശ്രമിക്കുന്ന ആഖ്യാനമാണ്‌ യുവന്റേത്‌. ശീര്‍ഷകമില്ലാത്ത കവിതകളാണവ. വിഷയസ്വീകരണത്തില്‍ വൈവിദ്ധ്യം പുലര്‍ത്തുന്ന സുകുമാരന്റെ കവിതകള്‍ വേറിട്ടുനിന്നു. പൊതുവേ തമിഴ്‌ കവിതകളില്‍ കണ്ടുവരുന്ന പ്രകൃതിജീവിത നിരീക്ഷണകൗതുകങ്ങള്‍ ഉണ്ടെങ്കിലും ആശയാവിഷ്‌കാരത്തിന്‌ പ്രാധാന്യം നല്‍കുന്നുണ്ട്‌ ഇദ്ദേഹം. സ്ഥലഭ്രമം എന്ന കവിത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒട്ടും പ്രകടനപരതയില്ലാതെ ആത്മനിന്ദയോടുകൂടി സാമൂഹികവിമര്‍ശനം സാധിച്ച മകുടേശ്വരന്റെ അവള്‍ എന്ന കവിത അഭിനന്ദിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ ഗ്രാമീണജീവിതദൃശ്യങ്ങളാണ്‌ മകുടേശ്വരന്റെ വാക്കുകള്‍ നിറയെ. മോഹനരംഗന്‍ നിശ്ചലജീവിതം വാക്കുകളില്‍ വരയ്‌ക്കുന്നു. നാഗരികയുവത്വമനുഭവിക്കുന്ന കാമവും പ്രേമവും ഏകാകിതയുമാണ്‌ വാ.മണികണ്‌ഠന്‍ എന്ന യുവകവിയുടെ വരികളില്‍ ധ്വനിക്കുന്നത്‌. പ്രിയമുള്ള മൊഴികൊടുപ്പ്‌, വിനൈല്‍ പ്രേമം, ഉത്തരമില്ലാത്ത വാക്കുകള്‍ എന്നിവ കൊള്ളാവുന്ന രചനകള്‍. പ്രശസ്‌ത തമിഴ്‌കവി ദേവദേവന്‍ ക്യാമ്പിനെത്തിയിരുന്നില്ല.

തമിഴ്‌ കവിതകള്‍ വിവര്‍ത്തനം ചെയ്‌തതും ഹരിതകത്തില്‍ പ്രസിദ്ധീകരിക്കണമെന്നു നിര്‍ദ്ദേശിച്ചതും ജയമോഹനാണ്‌. അദ്ദേഹത്തിനു നന്ദി. മലയാളത്തിലെ കവിതകള്‍ തമിഴിലേക്കു വിവര്‍ത്തനം ചെയ്‌തത്‌ ജയമോഹന്റെ വെബ്‌സൈറ്റിലുണ്ട്‌