Sukumaran
അറിയാത്ത എന്തോ ഉണ്ട്‌
എല്ലാ സ്വപ്‌നങ്ങളിലും

മണ്ണിരയ്‌ക്കും
പരല്‍മീനിനും
തിന്നുതീരാത്ത മണ്ണ്‌
നീന്തിത്തീരാത്ത പുഴ

തവളയുടെ കനവില്‍
കാല്‍വഴുതുന്ന നിലം
ദേഹത്തെ ഉന്താതെ കട്ടിപിടിച്ച വെള്ളം

ചിത്രശലഭത്തിനും
ചീട്ടുകുരുവിക്കും സ്വപ്‌നത്തില്‍
ചിറകുകളേക്കാള്‍ കനമുള്ള കാറ്റ്‌
ചിറകിലൊതുങ്ങാത്ത നീലവാനം.

മൂങ്ങയുടെ കനവില്‍
ഉറങ്ങാതെ ആളുന്ന പകല്‍
ഒടുങ്ങാതെ ഇരമ്പുന്ന കൊടുങ്കാറ്റ്‌.

പുലിക്കും ആനയ്‌ക്കും കനവില്‍
അലഞ്ഞു കുറയാത്ത വനം
തൊടുന്തോറും പൊന്തുന്ന വാനം

അറിയാത്ത സ്വപ്‌നമായ്‌
അവശേഷിക്കുന്നെന്‍ ജീവിതം.