Sukumaran
കട്ടിയായിരുന്നാല്‍ പെരുമാറാന്‍ പ്രയാസം
ആവിയെന്നാല്‍ അടങ്ങുവാന്‍ വൈകും
അതിനാല്‍
ദ്രവംകൊണ്ടുകെട്ടി എന്റെ ബന്ധങ്ങളെ.
ഓരോ ബന്ധത്തിനും
ഓരോ ദ്രവം

മാതൃത്വത്തിന്‌ മുലപ്പാല്‍
സാഹോദര്യത്തിനു ചോര
പ്രേമത്തിനു തുപ്പല്‍
കൂട്ടിനു വിയര്‍പ്പ്‌
വെറുപ്പിനു പഴുപ്പ്‌
ദാമ്പത്യത്തിനു സ്‌ഖലിതം
വഞ്ചനയ്‌ക്കു കണ്ണുനീര്‍.

കെട്ടിത്തീര്‍ന്നതും കൈ കഴുകി
വെള്ളത്തില്‍.
പിന്നെ അതേ വെള്ളം കൊണ്ടു കെട്ടി
നിന്നെയും എന്നെയും.

അറിയുമോ നീ?
ബന്ധങ്ങളെ ഒന്നിച്ചുകെട്ടാന്‍
വെള്ളമല്ലാതെ നല്ല ദ്രവം
മറ്റൊന്നില്ല.

എന്റെ ബന്ധങ്ങള്‍ മുഴുവന്‍
വെള്ളംകൊണ്ടു പണിതവ
എന്തെന്നാല്‍
വെള്ളമില്ലാതെ ആവുകയില്ല ലോകം.