Sukumaran

ഒരേ പേരില്‍
ഒരേ ഇടത്തില്‍
രണ്ടാളുണ്ടാവുക ഉചിതമല്ല
എന്നറിഞ്ഞ ബാല്യനാളുകള്‍.

 

ഒരേ ക്ലാസില്‍
ഒരേ പേരില്‍
രണ്ടാളുണ്ടായിരുന്നു
ഇനിഷിയലില്‍ വ്യത്യാസം
എന്റേത്‌ എന്‍
അവന്റേത്‌ എസ്‌.

അവനവകാശപ്പെട്ട അനുമോദനം
ചിലപ്പോള്‍ എനിക്ക്‌
എന്റെ ശിക്ഷ
ഇടയ്‌ക്കിടയ്‌ക്ക്‌ അവന്ന്‌.

അടയാളം തിരിക്കാനായി
വട്ടപ്പേരുകളിട്ടു
അവന്‍ ഉലക്ക
ഞാന്‍ സൂചി.

പനിപിടിച്ചു കിടന്ന്‌
സ്‌കൂളില്‍ പോകാതെയായി
മടങ്ങിയ ദിവസം
എല്ലാരും ചോദിച്ചു

"മലമ്പുഴ ഡാമില്‍ മുങ്ങിമരിച്ചത്‌
നീയല്ല, അല്ലേ?"

ഹാജര്‍ വിളിച്ചപ്പോള്‍
രണ്ടുതവണ ഞാനെഴുനേറ്റ്‌
" ഉണ്ടു മാഷേ" എന്നു പറഞ്ഞു
വിളിച്ചത്‌ ഒരിയ്‌ക്കല്‍മാത്രമാണെങ്കിലും.