Arunkumar O
(എന്റെ ശുഭിതയ്ക്ക്)
 
കുടത്തിന് ജീവനുണ്ടെന്ന് ഇത്രകാലവും അറിയില്ലായിരുന്നു.
വിത്തുമാത്രമല്ല
എല്ലും ഉപ്പും ചാരവും
അതിനുള്ളിലുണ്ടാകുന്നതിന്റെ കാരണങ്ങളില്‍
ശൂന്യമായ ഉള്ളടക്കമുള്ളത്
അറിയാത്തതുകൊണ്ട്.
ചെളിപിടിച്ചുപിടിച്ചു വളച്ചെടുത്ത വക്കില്‍
വട്ടത്തോലിട്ട് പൊതിഞ്ഞ്
അതിനുള്ളില്‍ നിന്നും
പ്രകമ്പനങ്ങളുടെ മാന്ത്രികരൂപങ്ങളെ പുറത്തെടുത്ത്
നീലാകാശമായി വെളിപ്പെടാന്‍
എന്തുവേണമെന്ന് ആലോചിക്കാത്തതുകൊണ്ട്
പഴുത്
ഉണ്ടാക്കുന്നതാണെന്ന് അറിയില്ലായിരുന്നു.
അതിന് ജീവനുണ്ടെന്ന്
അതില്‍ ശ്വാസത്തിന്റെ വലിവുണ്ടെന്ന്
ശൂന്യതയില്ലാതൊരു സ്വപ്നംപോലും കാണാന്‍
കഴിയില്ലെന്ന്.