Editor

കവിതയിലെ ബഹുസ്വരതയുടെ ആഘോഷമാണ് പട്ടാമ്പി കേന്ദ്രമായി സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവല്‍. ആവിഷ്കാരത്തിലും ആസ്വാദനത്തിലും നിലനില്‍ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് ഇതിന്റെ ലക്ഷ്യം. പട്ടാമ്പി ഗവ.സംസ്കൃതകോളേജിലെ മലയാളവിഭാഗവും മലയാളനാട് വെബ്കമ്യൂണിറ്റിയും സംയുക്തമായാണ് 2016 ഏപ്രിലില്‍ ആദ്യകാര്‍ണിവെല്‍ സംഘടിപ്പിച്ചത്. സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വിപുലമായ കവി-സഹൃദയ സംഗമമായിരുന്നു അത്.

രണ്ടാമത് കാര്‍ണിവല്‍ 2017 ജനുവരി 26,27,28,29 തിയ്യതികളിലാണ്. ഇതിനു മുന്നോടിയായി കെ.സച്ചിദാനന്ദന്‍ ഉപദേഷ്ടാവും സന്തോഷ്. എഛ്.കെ കണ്‍വീനറും പി.പി.രാമചന്ദ്രന്‍, പി.എന്‍.ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, പി.പി.പ്രകാശന്‍, അനിത തമ്പി, ടി.ജി.നിരഞ്ജന്‍, പി.രാമന്‍, എം.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയി ഒരു കാര്‍ണിവല്‍ ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ട്. പട്ടാമ്പി എം.എല്‍.എ മുഹസിന്റെ നേതൃത്വത്തില്‍ വിപുലമായ സംഘാടകസമിതിയും അടുത്തുതന്നെ രൂപീകരിക്കും.

വലുപ്പച്ചെറുപ്പം കൂടാതെ മലയാളത്തിലെ പരമാവധി കവികളുടേയും നിരൂപകരുടേയും ആസ്വാദകരുടേയും പങ്കാളിത്തം ഇത്തവണയും കാര്‍ണിവെലില്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. കൂടാതെ, ഇതര ഇന്ത്യന്‍ ഭാഷാകവികളെ പങ്കെടുപ്പിച്ചുകൊണ്ട് കാര്‍ണിവെല്‍ വിപുലമാക്കാനും ഉദ്ദേശിക്കുന്നു. ഇതിനായുള്ള സമ്പര്‍ക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കാര്‍ണിവെല്‍ ഡയറക്ടറേറ്റിന്റെ ആദ്യകൂടിക്കാഴ്ചയില്‍ പരിപാടിയെക്കുറിച്ച് ഒരു കരടു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതു താഴെ കൊടുക്കുന്നു.

1. ദക്ഷിണേന്ത്യന്‍ ഭാഷാകവികളുടെ മുഖാമുഖ വിവര്‍ത്തന ശില്പശാല: തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കവികള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ കവിതകള്‍ നേരിട്ടു മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുന്നു. 
2. പ്രദര്‍ശനം: കവിതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍, സിനിമ, വിഡിയോ, ചിത്രം, ഇന്‍സ്റ്റലേഷന്‍, പോസ്റ്റര്‍, ഗ്രാഫിറ്റി, മ്യൂസിയം എന്നിവക്ക് വെവ്വേറെ പ്രദര്‍ശനശാലകള്‍
3. അവതരണം: പോയട്രി തിയ്യേറ്റര്‍, കവിതകളുടെ നൃത്താവിഷ്കാരം, പോയട്രി പെര്‍ഫോമന്‍സ് എന്നിങ്ങനെ വ്യത്യസ്ത വേദികള്‍
4. പാരായണം, ആലാപനം: സ്വന്തം കവിതകളോ പ്രിയപ്പെട്ട കവിതകളോ ആലപിക്കാനും വായിക്കാനും ഉള്ള തുറന്ന വേദി. തത്സമയ ഓണ്‍ലൈന്‍ കവിസമ്മേളനം.
5. സെമിനാര്‍: സമകാലീന പ്രവണതകളെ ആധാരമാക്കി കവിതയുടെ ഭാവിയെക്കുറിച്ചുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍, പ്രഭാഷണങ്ങള്‍ 
6. മുഖാമുഖം: പ്രിയകവികളോടൊത്ത് സംവദിക്കാനുള്ള ചെറുസദസ്സുകള്‍
7. കാര്‍ണിവെല്‍ പുസതകം: പങ്കെടുക്കുന്ന അതിഥികളെയും പരിപാടികളെയും പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളത്.

സര്‍ക്കാര്‍ - ഇതര സാംസ്കാരിക സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും കാര്‍ണിവലിന് ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കൂ.

 

കൂടുതല്‍ കാഴ്ചപ്പാട്