Geetha Munnoorkode

എടുത്തു വച്ച കാലിന്
കുറുകെച്ചാടി
എന്നുമിങ്ങനെ
നടത്തിക്കും
ഒരടി പിറകോട്ട്
ഇനി വേണേൽ
പൊയ്ക്കോ മുന്നോട്ടെന്നും
ഒന്ന് മുരണ്ട്..

നീയേ ശരിയെന്ന്
കരിമ്പൻ ഉരസലിൽ
എന്നെ പിറകോട്ട് വലിക്കുന്ന
ആ അസ്വസ്ഥത !
ഒരാശങ്കയിൽ
മുക്കിയെന്നെ
നനച്ചു നടത്തിയ്ക്കും നീ….

ഉത്സാഹമല
പൊടുന്നനെയങ്ങ്
കേറ്റാതെ വഴിമുടക്കി
മുള്ള് കീറിയ പോലെ
നീയിങ്ങനെ നോവിക്കുന്നതും നല്ലത്

കാഴ്ച്ചവട്ടങ്ങളിലേക്ക്
എല്ലാമെല്ലാമെറിഞ്ഞു തരുന്നതും
ചോദ്യങ്ങൾ കൊണ്ടെന്നെ തുരക്കുന്നതും
ഇല്ലാത്തിടങ്ങളിലേക്ക് പായിച്ച്
ഇതും നിനക്കെന്ന് വാദിക്കുന്നതും
എല്ലാം നല്ലതിനെന്ന്
ആവർത്തിക്കുന്നതും …

ഇങ്ങനൊരു നീ
ഓരോ വട്ടവും
കുറുകെച്ചാടുമ്പോൾ
എന്നെ
പടിയിൽ നിന്ന് മറു പടിയിലേക്ക്
താഴോട്ടും മേലോട്ടും
എത്ര കയറ്റിയിറക്കുന്നു.

കൂടുതല്‍ കവിതകള്‍