Reema Ajoy
ഇന്നലെയും നീയെനിക്ക് ഒരു പൊതി കപ്പലണ്ടി കൊണ്ട് വന്നു,
അതും കൊറിച്ചു ഞാന്‍ നിനക്കുള്ള അത്താഴം ഉണ്ടാക്കി,
നിന്റെ ഒച്ചപ്പാടുകള്‍ക്ക്  തറുതല പറഞ്ഞു ,
കര്‍ണ്ണശല്യമെന്ന് നീ കേള്‍ക്കെ പിറുപിറുത്തു,
ചീറ്റ പുലികളായി ആഴത്തിലും വലുപ്പത്തിലും 
മുറിവുകള്‍ ഉണ്ടാക്കി,
എന്റെതാണ്,
നിന്റെതാണ്,
വലിയ മുറിവെന്നു ഉറക്കെയമറി,
മത്സരിച്ചു മടുത്തപ്പോള്‍ ഒന്നിച്ചു അത്താഴം കഴിച്ചു ,
ഉറങ്ങാന്‍ കിടന്നപ്പോള്‍ നീയെന്റെ മുറിവില്‍ ഉമിനീര് പുരട്ടി, 
ഞാന്‍ നിന്റെ മുറിവില്‍ വിയര്‍പ്പ് തടവി ,
കമ്പിളിയ്ക്കുള്ളില്‍ പുലിചീറ്റലുകള്‍ അമര്‍ത്തിയ മുരള്‍ച്ചകള്‍ മാത്രമായി...
 
നമ്മള്‍ ഉറങ്ങി....
 
ഇന്ന്,
ഇന്നലെ കൊണ്ട് വന്ന കപ്പലണ്ടിയുടെ  തോലുകള്‍ 
കാറ്റ് കൊണ്ട് പോകുന്നതും നോക്കി ഞാനൊറ്റയ്ക്ക് കിടന്നു ,
അത്താഴം ഉണ്ടാക്കിയതേയില്ല,
നിന്റെ ഒച്ചപ്പാടുകള്‍ക്ക് തറുതല പറയാനെന്റെ നാവ് തരിച്ചു നിന്നു,
എന്‍റെ ചീറലുകള്‍ തേങ്ങലുകളെപ്പോല്‍ നനുത്ത് നിന്നു,
മുറിവുകളില്‍ നി പുരട്ടിയ ഉമിനീര് ഉണങ്ങാതെ പോകണേ എന്ന് ഞാന്‍ 
കുരിശ്ശു വരച്ചു ,
 
ഞാന്‍ കരഞ്ഞു 
കരഞ്ഞു 
പിന്നെയും കരഞ്ഞു 
 
പള്ളിപറമ്പില്‍ നീ മണ്ണ് പുതച്ചു കിടക്കുന്നുവെന്ന ഓര്‍മ്മയില്‍ 
നമ്മള്‍ ഒന്നിച്ചു പുതച്ചിരുന്ന കമ്പിളി ഞാന്‍ കാലു നീട്ടി തട്ടിയെറിഞ്ഞു .