Prakasan Madikkai
പ്രേമത്തെയും കോപത്തെയും 
തനിച്ചാക്കിയാണ് 
ഞാന്‍ വീട്ടില്‍നിന്നും 
പുറത്തു പോയത്. 
 
പച്ചക്കറിത്തോട്ടത്തിലടിക്കാന്‍ വേണ്ടി 
ജനാലപ്പടിയിന്മേല്‍ 
എടുത്തുവെച്ച് മറന്നുപോയ 
കീടനാശിനിക്കുപ്പി 
ബേബിഫുഡാണെന്നു കരുതി 
കൈയെത്തിച്ച് 
കൈയെത്തിച്ച് 
കൈക്കലാക്കി 
മൂട് തുറന്ന് 
വാരിവാരിക്കഴിച്ചു പ്രേമം. 
 
കോപമാകട്ടെ 
അടുക്കളയില്‍കയറി 
അടുപ്പില്‍നിന്നും 
കൈയെത്തിച്ച് 
കൈയെത്തിച്ച് 
വിറകു കൊള്ളിയെടുത്ത് 
പുരയ്ക്ക് 
തീക്കൊളുത്തുകയും ചെയ്തു. 
 
കൂടുതല്‍ കരുതല്‍ വേണ്ട
ശൈശവപ്രായമാണ് 
അവര്‍ക്കെന്ന് 
തിരക്കിലിറങ്ങിപ്പോയ ഞാന്‍ 
മറന്നുപോയി.
 

കൂടുതല്‍ കവിതകള്‍