Prakasan Madikkai
നല്ല ഗ്രിപ്പുണ്ട് ചക്കയ്ക്ക്. 
വീണുരുണ്ടാലും തേയ്മാനം കുറയും. 
ചങ്കുപൊട്ടിക്കാന്‍ 
ചക്കയ്ക്ക് പ്ലാവിന് കീഴെ പോകുന്നവന്റെ
തല നോക്കി വീണാല്‍മതി. 
 
ചക്കപ്പാണ്ടയിലെ പശ 
മുറിച്ചവന്റെ വിരലുകള്‍ 
വിളക്കിച്ചേര്‍ക്കും 
പച്ചവെള്ളം തൊട്ടു മുറിച്ചാല്‍ 
ഒട്ട് കുറഞ്ഞേനെ. 
 
പഴമെന്ന വാക്കില്‍ 
കനമില്ലായ്മയുണ്ട് 
കനം കൂടിയതിനാല്‍ 
ചക്കയോട് കൂടി പഴമെന്നു ചേര്‍ത്ത് 
ഓമനിക്കുന്നില്ല. 
അതിനാല്‍ ഫ്രൂട്ട് സ്‌ററാളുകളിലൊന്നും 
ചക്ക വില്‍ക്കാന്‍ വെച്ചിട്ടില്ല. 
 
സീസണാകുമ്പോള്‍ 
വിശപ്പിന്റെ ഇന്നിംഗ്‌സുകളില്‍ 
ഇടയ്ക്കിടയ്ക്ക് ദരിദ്രര്‍ ചക്കയടിക്കും. 
സൂക്ഷ്മപഴങ്ങളെ ആരാധിക്കുന്ന 
ഉപരിവര്‍ഗ്ഗങ്ങള്‍ 
ചക്കയെ കൊത്തിമുറിച്ച് 
പശുവിനിട്ട് കൊടുക്കും. 
 
ചക്കക്കവിത എഴുതിയാല്‍ 
സാധാരണക്കാരന്‍ കൊണ്ടുപോയി 
പാചകം ചെയ്യും 
ഉപരിവര്‍ഗ അംഗം 
എത്ര പുച്ഛത്തോടെയായിരിക്കും 
ചക്കക്കവിതയെ വെട്ടിനുറുക്കുക.
 

കൂടുതല്‍ കവിതകള്‍