Pratheesh M.P
(ശൈലന്റെ ദേജാ വൂ എന്ന പുസ്തകത്തെക്കുറിച്ച് )
വാക്കുകളുടെ ഒരു കാർണിവൽ കെട്ടിയുണ്ടാക്കനറിയുന്ന ഒരാളാണ് തീർച്ചയായും 'ദേജാ വൂ' എഴുതിയിരിക്കുന്നത് . പേരുകൾ കൊണ്ട് വലിയ എടുപ്പുകൾ , ഊടുവഴികൾ ,കപ്പൽചാലുകൽ എന്നിവയെല്ലാം നിർമ്മിക്കാൻ അയാൾക്ക്‌ വശമുണ്ട്. ലോകത്ത് ഓരോ ദിവസവും ആരംഭിക്കുന്ന ഏറ്റവും പുതിയ ബ്രാൻഡ്‌ നെയിം മുതൽ അപരിചിതവും പ്രാചീനവുമായ ഒരു സ്ഥലനാമം വരെ , കാമുകിയുടെ വിളിപ്പേര് മുതൽ ലാറ്റിൻ അമേരിക്കാൻ രാഷട്രനേതാവിന്റെ പേരുവരെ , കിട്ടാവുന്നത്ര പേരുകൾ  അയാൾ കവിതയുടെ അസംസ്കൃത പദാർത്ഥമെന്ന നിലയിൽ ശേഖരിച്ചു വച്ചിരിക്കുന്നു. അതിനാൽ, അയാൾ നെയിംസ്ലിപ്പുകൾ കൊണ്ട്  കൊട്ടാരമുണ്ടാക്കുന്ന ഒരു മജീഷ്യൻ കൂടിയാവുന്നു . നമ്രതാ ശിരോദ്കറും ഹ്യൂഗോഷാവേസും അക്വാഫിനയും അഷ്ടാംഗമാർഗവും ഓരോരോ പേരുകളുടെ ദൃശ്യരൂപം മാത്രം. പേരുകളുടെ ചരിത്രപരമായ വേരുകളിലേക്കോ , ഭാഷാശാസ്‌ത്രപരമോ സാമൂഹ്യശാസ്‌ത്രപരമോ ആയ   വിവക്ഷകളിലേക്കോ  കടക്കുന്നത്‌ ഒരു ലാബറിന്തിൽ (labyrinth) പെടുന്നത് പോലെയായിരിക്കും . ഒരർഥത്തിൽ പേരുകളെ അവയുടെ ചരിത്രത്തിൽ നിന്ന് മോചിപ്പിക്കുകയുമാവാം അയാൾ.. ഗൗതമ ബുദ്ധനെ ഒരു multiplex തിയേറ്ററിൽ   കണ്ടുമുട്ടേണ്ടി വരുന്ന, റെയിൻഡിയറിനെ  നഗരമധ്യത്തിൽ കാണേണ്ടിവരുന്ന , അന്നേരത്തുണ്ടാകുന്ന അതേ അർത്ഥമില്ലായ്മ, അർത്ഥമറിയായ്മ  ആണ് അയാൾ നിരന്തരം എഴുതിവെക്കുന്നത്. അതിനാലാണ് വ്യവസ്ഥാപിതമായ കാവ്യാനുശീലനത്തിന്റെ പനിപിടിച്ച നമുക്ക് ആ എഴുത്ത് , ഒരു വെറും പ്രകടനമായും അസംബന്ധമായും അർത്ഥരഹിതമായും എല്ലാം തോന്നുന്നത് . കവിതയ്ക്ക് താഴെ ഒരു ഓക്സ്ഫോർഡ് നിഘണ്ടുവോ , വിക്കിപീഡിയയിലേക്കുള്ള ഹൈപ്പർ ലിങ്കോ  തുന്നിക്കെട്ടി വെക്കുന്നത് നിശ്ചയമായും ഒരു കവിയുടെ കുലത്തൊഴിലോ പിന്തുടർച്ചാവകാശമോ അല്ല. അതായത് സാംസ്കാരിക പഠനത്തിനോ, സ്‌ത്രീ - കീഴാള- ലിംഗ പഠനങ്ങൾക്കോ തോന്നുംപോലെ കേറിയിറങ്ങാവുന്ന വിശാലമായ പാർകിംഗ് ഏരിയ  ദേജാവൂ"വിൽ ഉണ്ട് .
 
2
 തീർപ്പുകളില്ലാത്ത , ഉറച്ച ബോധ്യങ്ങളില്ലാത്ത ഒരു ഇടം ഈ കവിതയിലിരിക്കുന്നു. അതിനർത്ഥം കവിതയിൽ നിലപാടുകളേ ഇല്ലെന്നല്ല .വായിക്കുന്നവർ ആഗ്രഹിക്കുന്ന സദാചാരത്തിലും ധാർമ്മികതയിലും പെടുത്താവുന്ന 'മുൻകൂട്ടി നിർവചിക്കപ്പെട്ട' നിലപാടുകളാണ് ഇല്ലാത്തത്. ഇതിലെ മനുഷ്യർ മുഖ്യധാരാ മലയാളിജീവിതത്തിന്റെ ഒരു ഭാഗമാണ് . എല്ലാതരം മതവും (അ)രാഷ് ട്രീ യവും ഭാഷയും ശരീരവും യന്ത്രവും ആസക്തിയും ധ്യാനവും ഇതിലുണ്ട് . ഇത് വിശുദ്ധമായ ഒരു പൊതു ഇടത്തിനെ (സങ്കല്പത്തിനെ) നിരന്തരമായി പൊളിച്ചു കൊണ്ടിരിക്കുന്നു . അവിശുദ്ധമായ, കൂടുതൽ കലർപ്പുകളുള്ള , ബഹുസ്വരമായ പൊതു ഇടത്തെ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.
 
3
സമകാലികമായ മറ്റു കവികളിൽ നിന്നും വ്യത്യസ്തമായ ഒരു വാമൊഴിഭേദം  ഇയാൾ ഉപയോഗപ്പെടുത്തുന്നുണ്ട് . "താമ്രപർണി" യിലും    "നിഷ്കാസിതന്റെ ഈസ്റ്ററി"ലും ഇല്ലാതിരുന്ന ഒരു സവിശേഷത കൂടിയാണ് ഇത് . എന്ന് തോന്നുന്നു . ഉറപ്പില്ലായ്മയെ , ആവാമായിരുന്നതിനെ, സാധ്യതയെ, അസാധ്യതയെ ഒക്കെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങൾ, ചില വ്യാക്ഷേപകശബ്ദങ്ങൾ ഒക്കെ ഒരു വേറിട്ട സംഭാഷണ ശൈലിയെയാണ് , പറച്ചിലിനെയാണ്    അടയാളപ്പെടുത്തുന്നത്. 
 
 ദേജാവൂ'വിലൂടെ  സഞ്ചരിക്കുന്നത് ഒരു കാർണിവലിൽ ആയിരിക്കുന്നതിന്റെ അവസ്ഥയെ തരുന്നുണ്ട്. നടക്കുമ്പോൾ സിനിമ കാണുകയും, സിനിമകാണുമ്പോൾ  പോപ്പ്കോണ്‍ തിന്നുകയും, തിന്നുമ്പോൾ പ്രണയിക്കുകയും ഇറച്ചിവെട്ടുകയും, ധ്യാനിക്കുമ്പോൾ മെയിലു നോക്കുകയും,  ഉറങ്ങുമ്പോൾ സംസാരിക്കുകയും, കേൾക്കുമ്പോൾ അദൃശ്യരാവുകയും ഒക്കെ ചെയ്യുന്ന പുതിയ കാലത്തിന്റെ മനുഷ്യജീവിതത്തിന്റെ , കവിതയിലെ 'ഉറപ്പില്ലാത്ത', 'തീർച്ചയില്ലാത്ത '   അവതരണങ്ങൾ ആണിവ . സാധാരണവും ചലനാത്മകവും മടുപ്പിക്കുന്നതും ആവർത്തിക്കുന്നതുമായ ജീവിതത്തിൽ നിന്നും ഒട്ടും അകലെയല്ല 'ദേജാവൂ 'വിന്റെയും ശൈലന്റെയും നിൽപ്പ്. 

കൂടുതല്‍ കാഴ്ചപ്പാട്