Manoj Kuroor

ഉള്ളില്‍ വല്ലാതെ വന്നു കൊള്ളുന്ന കവിതകളെക്കുറിച്ച് ഒന്നും എഴുതാന്‍ പറ്റാറില്ല. ‘ഇതു വായിച്ചോ’ എന്ന ചോദ്യത്തോടെ ആര്‍ക്കെങ്കിലുമൊക്കെ അയച്ചു കൊടുക്കുക, കവിതയെന്നു തോന്നിക്കുന്ന ചില വരികള്‍ മനസ്സില്‍ വന്നാല്‍ മൂര്‍ച്ചയുള്ള ഒരു നിരൂപണബോധത്തോടെ ഞെരിച്ചു കളയുക, ഇതിനുമപ്പുറത്തേക്ക് എഴുതാനാവുമെങ്കില്‍ എഴുതിയാല്‍ മതി എന്നു തീരുമാനിക്കുക ഒക്കെയാണ് സ്വയം ചെയ്യാറുള്ള ആസ്വാദനരീതികള്‍. ഈ കാലത്തെ കവിത എങ്ങനെയാവണം എന്നാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കവിതകളിലൊന്നാണ് വിഷ്ണുപ്രസാദിന്റെ ‘കുനാന്‍ പോഷ്പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം.’ കവിത എന്ന നാട്യത്തില്‍ അകത്തേക്കു വന്ന പലതിനെയും ഞെരിച്ചുകളഞ്ഞ കവിതയെന്ന നിലയില്‍ ഒരു പരിഭവവും ഈ കവിതയോടുണ്ട്. 

ഈ കവിത വലിയൊരു അലോസരമാണ് സൃഷ്ടിക്കുന്നത്. വായിക്കുമ്പോള്‍ ഒരു പടപടാമിടിക്കല്‍. ഓരോ വരിയില്‍നിന്നും അസുഖകരമായ ചില മുഴക്കങ്ങള്‍. ഇതിനപ്പുറം കവിതയുടെ സൌന്ദര്യശാസ്ത്രമെന്തെന്നും അതിന്റെ രാഷ്ട്രീയമെന്തെന്നും കൂടുതല്‍ ആലോചിക്കുമോഴാണ് ഈ കവിതയുടെ പ്രസക്തി കൂടുതല്‍ ബോധ്യമാവുക.  

സാമ്പ്രദായികമായ അര്‍ത്ഥത്തിലല്ല ഇത് കവിതയാകുന്നത്. ഒരു സാങ്കല്പികകവിയുടെ സാങ്കല്പിക ആത്മകഥയിലെ ഭാഗമെന്ന രീതിയിലാണ് എഴുത്ത്. കവിതയിലെ ഭാവനാത്മകമായ ധ്വനികള്‍ക്ക് വസ്തുനിഷ്ഠതയുടെ ആധികാരികത നല്‍കുന്നതിനാണ് സാധാരണ അടിക്കുറിപ്പുകള്‍ നല്‍കാറുള്ളത്. ഇവിടെ വിവരിക്കപ്പെടുന്ന സംഭവം ‘യഥാര്‍ത്ഥ’മായിരിക്കെത്തന്നെ ആത്മകഥയും കവിയും ‘അയഥാര്‍ത്ഥ’മാകുന്നു. കവിതയാകട്ടെ ആത്മകഥയിലെ സ്വയംവിവരണരീതിയില്‍നിന്നു വിട്ട് അതിനുള്ളില്‍ത്തന്നെ എഴുതുന്നയാളുടെ മാതാവിനെ  ആ‍ഖ്യാതാവാക്കുന്നു. പത്രറിപ്പോര്‍ട്ടിങ്ങ് പോലെയുള്ള ഭാഷ ഉപയോഗിക്കുകയും അതില്‍ത്തന്നെ വൈകാരികമായ വിക്ഷോഭങ്ങള്‍ കരുതിവയ്ക്കുകയും ചെയ്യുന്നു. ഫലത്തില്‍ സാമ്പ്രദായികസൌന്ദര്യശാസ്ത്രത്തെ പൊളിക്കുന്ന ഒരു സ്വതന്ത്രലീലയായി കവിത മാറുന്നു. 

വിവരിക്കപ്പെടുന്ന സംഭവമാകട്ടെ, ‘യഥാര്‍ത്ഥ’മെന്ന് അനുഭവിച്ചവര്‍ ആണയിടുമ്പോഴും നിരന്തരം നിഷേധിക്കുകയും മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ട് ഭരണകൂടം ‘അയഥാര്‍ത്ഥ’മാക്കാന്‍ ശ്രമിക്കുന്ന ഒന്നാണ്. പതിമൂന്ന് വയസ്സു മുതല്‍ എണ്‍പതു വയസ്സു വരെയുള്ള സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടപ്പോഴും അതില്‍നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ ‘അഭിമാനിക്കാന്‍ ഒന്നുമില്ല’ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയാണ്. ആ രക്ഷപ്പെടല്‍ രീതിതന്നെ വല്ലാത്തൊരു നടുക്കമുണ്ടാക്കുന്നത്ര ദാരുണമാണ്. ഭരണകൂടഭീകരതയ്ക്ക് ഇരയാക്കപ്പെട്ടയാള്‍ സ്വന്തം അനുഭവവിവരണത്തിലൂടെ അതിന്റെ എല്ലാ നാട്യങ്ങളെയും വെട്ടിക്കളയുന്നു. മര്‍ദ്ദനോപകരണങ്ങള്‍ മുതല്‍ മാധ്യമങ്ങള്‍ വരെയടങ്ങുന്ന ഭരണകൂടത്തിന്റെശൃംഖലാബദ്ധവും കരുത്തുറ്റതുമായ ഒരു വ്യവസ്ഥയിലാണ് ‘അനുഭവ’ത്തിന്റെ മൂര്‍ച്ചയുള്ള ഈ വിവരണം വിള്ളലേല്പിക്കുന്നത്. അത്തരത്തിലാണ് ഇതു രാഷ്ട്രീയമാകുന്നത്. 

കവിത കവിതയായിരിക്കെത്തന്നെ രാഷ്ട്രീയമായി മൂര്‍ച്ചയുള്ളതാവുന്നു എന്ന് പറയുമ്പോഴും ഇതിലെ കവിതയെന്ത്, രാഷ്ട്രീയമെന്ത് എന്നു തിരിച്ചറിയുന്നിടത്താണ് ഈ കവിത സവിശേഷമാകുന്നത്. കവിതയും രാഷ്ട്രീയവും അതാതിന്റെ പരമ്പരാഗതമായ അര്‍ത്ഥങ്ങളോട് കലഹിക്കുന്നത് ഈ കവിതയില്‍ നാം ‘അനുഭവിക്കുന്നു’. ഒപ്പം ഈ രണ്ടു കലഹങ്ങളും തമ്മില്‍ കെട്ടിപ്പിണയുന്നതും പരസ്പരം സംവാദാത്മകമാകുന്നതും വല്ലാത്തൊരു അസ്വസ്ഥതയോടെ ‘അറിയുന്നു’. ഇത്രയെങ്കിലും ഈ കവിതയെപ്പറ്റി എഴുതാതെ വയ്യ എന്നു മാത്രം പറഞ്ഞ് നിര്‍ത്തുന്നു; നിര്‍ത്തിയാലും തുടരുന്നു.  

കൂടുതല്‍ കാഴ്ചപ്പാട്