Vinayachandran D

മാനവവംശത്തിന്റെ യാത്രാരംഭത്തില്‍ത്തന്നെ കഥയും കവിതയും അവനോടൊപ്പം ഉണ്ടായിരുന്നു; ഏകാകിക്കും സംഘത്തിനും ജീവിതവ്യവഹാരങ്ങളുമായി കൂട്ടുകൂടുന്ന 'വാചാപ്രയത്‌നങ്ങള്‍' ആയിരുന്നു കൂടുതലും.


നാനാരീതിയിലുള്ള ഉറക്കെച്ചൊല്ലല്‍ കവിയും ആസ്വാദകനും കവിതയും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം സൃഷ്ടിക്കുന്നു. അച്ചടി അദ്ധ്യക്ഷനാകുന്നതിനുമുമ്പ് വാമൊഴി ക്രീഡയും ക്രിയയും അര്‍ച്ചനയും ആയിരുന്നു കവിത. രാജസദസ്സുകള്‍, ആരാധനാലയങ്ങള്‍, ഉത്സവപ്പറമ്പുകള്‍, തീര്‍ത്ഥഘട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കാവ്യം അരങ്ങേറി. കവി നേരിട്ട് എല്ലായ്‌പോഴും ചൊല്ലിയിരുന്നില്ല. ആലാപനവിദഗ്ദ്ധര്‍, കഥാപ്രസംഗക്കാര്‍, സോപാനഗായകര്‍ തുടങ്ങിയവര്‍ അഭ്യാസത്തിന്റെ പിന്‍ബലത്തോടെ ഒറ്റയ്ക്കും സംഘമായും കവിതകള്‍ അവതരിപ്പിച്ചിരുന്നു. തന്ത്രീലയസമന്വിതമായിട്ടാണ് കാവ്യങ്ങള്‍ പൊതുവേദികളില്‍ അവതരിപ്പിച്ചിരുന്നത്. രാവണഹസ്തം, ഏക്താര, ലയര്‍, യാഴ്, പാണനന്തുണി(വീണ) തുടങ്ങിയവ ശ്രുതിപ്പെടുത്തി കവിതകള്‍ അഭിജാതസദസ്സുകളിലും വഴിയമ്പലങ്ങളിലും ചൊല്‍വടിവുകളായി. കഥഗാനംകവിത എന്നിവയുടെ സങ്കലനം പലയിടത്തും കാണാം. ജീവിതത്തിന്റെ സ്‌തോഭഭാവതരംഗിതമായ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും പ്രവാഹങ്ങള്‍ക്കും ഉള്‍വലിയലുകള്‍ക്കും കവിത ഉണ്ടായിരുന്നതായി വേദവും ചെന്തമിഴ് കവിതകളും സാക്ഷ്യപ്പെടുത്തുന്നു.


കേവലസാഹിത്യത്തിന്റെ വഴിയേ അല്ലാതെ താരാട്ടുമുതല്‍ മരണാനന്തരമുള്ള ചാറ്റുകള്‍വരെയും ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള ക്രിയാബഹുലമായ കാലപരിണാമങ്ങളിലും കേരളീയര്‍ പാടി. കവിതയും കാതരതയും കൈയടക്കവും വൈവശ്യങ്ങളും ഞാറ്റുപാട്ട്, തോറ്റംപാട്ട്, വഞ്ചിപ്പാട്ട്, പടയണിപ്പാട്ട്, പൂരക്കളിപ്പാട്ട്, മാപ്പിളപ്പാട്ട്, മാര്‍ഗ്ഗംകളിപ്പാട്ട്, വാതില്‍തുറപ്പാട്ട് തുടങ്ങിയവയില്‍ കാണാം. തോറ്റംപാട്ടുകളും നെല്‍ക്കളത്തിലെ പാട്ടുകളുമാണ് കേരളത്തില്‍ സമൃദ്ധമായിട്ടുള്ളത്. സോപാനത്തില്‍ ഓരോ മൂര്‍ത്തിക്കും പ്രത്യേകഗീതങ്ങള്‍ ഉള്ളതുപോലെ ബ്രാഹ്മണിപ്പാട്ടില്‍ ഓരോ മുഹൂര്‍ത്തത്തിനും പ്രത്യേകഗീതങ്ങള്‍ (മടകള്‍) ഉണ്ട്. കവിതയുടെ ഉള്ളിരിപ്പുകളും കെട്ടുമുറകളും ജീവിതത്തിന്റെ പിരിമുറുക്കങ്ങളും അയവുകളും അവയുടെ നാനാത്വത്തില്‍ നാടന്‍പാട്ടുകളില്‍ കാണാം. വില്ലും ചന്ദ്രവളയവും പുള്ളുവവീണയും തപ്പും എല്ലാം അകമ്പടിയാകും. എഴുത്തച്ഛന്‍കൃതികള്‍ വിളക്കുവെച്ച് വിദഗ്ദ്ധരും വിശ്വാസികളും വായിച്ചുവായിച്ചാണല്ലോ നിലനിന്നത്. പാരമ്പര്യരീതിയിലുള്ള കവിയരങ്ങുകളുടെ തുടര്‍ച്ചയാണ് ഉത്തരഭാരതത്തിലെ മുശായിര. ഓല മുതല്‍ ബ്ലോഗുവരെയുള്ള പല സാദ്ധ്യതകളില്‍ ജനങ്ങളുമായി കവിത ഇടപെടുന്നു. ഇന്ന് അനവധിയായ മാധ്യമങ്ങളില്‍ ഒന്നുമാത്രമാണ് ചൊല്‍വഴി.


കിളിപ്പാട്ടും തുള്ളല്‍പ്പാട്ടും ആട്ടപ്പാട്ടും അഷ്ടപദിയും മാപ്പിളപ്പാട്ടുമെല്ലാം പ്രത്യേകം പഠിച്ചവര്‍ ആവിഷ്‌കരിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, മേരി ബനീഞ്ജ, പന്തളം കെ.പി, നാരായണഗുരു എന്നിവരുടെ കവിതകള്‍ നാനാതരക്കാരായ ആളുകള്‍ ചൊല്ലിയിരുന്നു. ജനകീയസംഗീതത്തിന്റെ അകമ്പടിയുണ്ടായിരുന്നു. ഹരികഥാകാലക്ഷേപക്കാരുടെയും കഥാപ്രസംഗക്കാരുടേയും വാഴ്വ് ഒരുകാലത്ത് പെരുമയുള്ളതായിരുന്നു. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എള്ളും മണ്ണും മനുഷ്യരും പൂതങ്ങളും എല്ലായിടവും ചൊല്ലി.


പുതിയകാലത്ത് ആദ്യം വയലാറും കാവാലവും മറ്റും ചന്തകളില്‍ കവിത ചൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. വ്യവസ്ഥാപിതമായ കവിസമ്മേളനങ്ങള്‍ സാഹിത്യപരിഷത്തിന്റേയും സാഹിത്യസമിതിയുടേയും വാര്‍ഷികങ്ങളില്‍ നിര്‍ബ്ബന്ധഘടകമായിരുന്നു. തിരുവനന്തപുരത്ത് 'കവിതാരംഗം' എന്നൊരു സമിതി കവിത വായിക്കാന്‍വേണ്ടി അറുപതുകളില്‍ സജീവമായിരുന്നു. പൊതുവേദിയില്‍ എന്റെ പ്രധാനമായി ആദ്യവായന കവിതാരംഗത്തില്‍ ആയിരുന്നു. അറുപതുകളുടെ ഒടുവില്‍ ശാസ്താംകോട്ട ഭരണിക്കാവില്‍ എന്റെ ഉത്സാഹത്തില്‍ ഞാന്‍ പഠിച്ച സ്‌കൂളില്‍ എഴുത്തച്ഛന്‍ കവിതമുതല്‍ എന്റെ കവിതവരെ അരങ്ങായിത്തന്നെ കൊണ്ടാടി. ഗുരുപ്രസാദത്തിന് ജി.ശങ്കരപ്പിള്ളസ്സാറിന്റെ നേതൃസ്ഥാനം ഉണ്ടായിരുന്നു. കവിതാസമിതിയുടെ സജീവപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ കടമ്പനാട്ട് സ്‌കൂളില്‍ ശൂരനാടു രവിയുടെ സഹായത്തോടെ കവിത അവതരിപ്പിച്ചു. പന്തപ്രഭയില്‍ വായനശാലാവാര്‍ഷികങ്ങളിലും ഉത്സവപ്പറമ്പുകളിലും 'കോലങ്ങള്‍' അവതരിപ്പിച്ചു. പടയണിക്കു സമാനമായ കോലങ്ങളുടെ അകമ്പടിയോടെ ആ കവിതയുടെ അവതരണത്തിനുമാത്രമായി ശുരനാടു രവി ഒരു സംഘം ഉണ്ടാക്കിയിരുന്നു. എഴുപതുകളുടെ പുറപ്പാടിനുമുമ്പേ യാത്രപ്പാട്ടും കോലങ്ങളും പലയിടങ്ങളിലും അവതരിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് പടയണി ആശാന്‍ രാമന്‍നായരുടെ മകന്‍ കടമ്മനിട്ട രാമകൃഷ്ണപ്പണിക്കര്‍ P&T ഓഡിറ്റ് കാവ്യാലാപനഘോഷയാത്രയാക്കി മാറ്റിയത്. സംഘാടകര്‍ക്ക് അധികം സാമ്പത്തികബാദ്ധ്യതയില്ലാതെ കവി ഓരോ ഇടത്തില്‍ ചെന്നെത്തുകയായിരുന്നു.


കടമ്മനിട്ടയും ഞാനും മാത്രമായി നാട്ടിന്‍പുറങ്ങളില്‍ മൂന്നുമണിക്കൂര്‍ തോപ്പംതോപ്പം കവിത ചൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍ എന്‍ പിള്ളയുടെ നാടകത്തിനും സാംബശിവന്റെ കഥാപ്രസംഗത്തിനും ഇടയില്‍ കവിത അവതരിപ്പിച്ചിട്ടുണ്ട്. എന്റെ അനുഭവത്തില്‍ വ്യവസ്ഥാപിതമായ പൊതുവേദിയില്‍ ആധുനികകവികളില്‍ മൂപ്പുമുറക്കാരെല്ലാം പങ്കെടുത്ത കവിയരങ്ങ് 1973ല്‍ മഹാരാജാസ് കോളേജില്‍ ആണു നടന്നത്. കാവാലം, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, സച്ചി, കെ.ജി.എസ്, ഞാന്‍, നെടുമുടി വേണു എന്നിവര്‍ ആ കവിയരങ്ങില്‍ പങ്കെടുത്തു. ജോണ്‍ എബ്രഹാമിനെ സജീവമായി സിനിമയിലേക്കു കൊണ്ടുവരാന്‍ കോട്ടയത്തെ അംബാസഡര്‍ ഹോട്ടലില്‍വെച്ച് വലിയ ടിക്കറ്റുനിരക്കില്‍ കവിയരങ്ങു നടത്തി. കാവാലം, പണിക്കര്‍, കടമ്മനിട്ട, ഞാന്‍, നെടുമുടി, പത്മനാഭപ്പണിക്കര്‍, കലാധരന്‍ തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തിരുന്നു. യൂ.സി കോളേജില്‍ ഒരുരൂപ ടിക്കറ്റുവെച്ചായിരുന്നു കവിയരങ്ങ്. കോഴിക്കോട്ട് നെരൂദാദിനത്തിന് മൂന്നുരൂപ ടിക്കറ്റു നിരക്ക്.


ടി.വിയിലേക്കു നോട്ടം ഉടക്കുന്നതിനുമുമ്പ് കവിയരങ്ങ് പ്രധാനചടങ്ങുകള്‍ക്കെല്ലാം നിര്‍ബ്ബന്ധമായി. പൊതുവേദിയില്‍ മാത്രമല്ല, കുടുംബസദസ്സുകളും ലോഡ്ജുകളും ബാറുകളും കവിയരങ്ങിന്റെ വേദിയായി. കോളേജു ഹോസ്‌ററലുകളും കവികളുടെ സങ്കേതമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടും കേരളത്തിലുടനീളം കവിത ചൊല്ലിനടന്നു. കവിത ചൊല്ലലില്‍ സമര്‍ത്ഥരായിരുന്നു കക്കാടും പാലൂരും. ഗദ്യപദ്യഭേദമില്ലാതെ നവീനഭാവുകത്വമുള്ള കവിതകളാണ് അക്കാലത്ത് അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി, പുനലൂര്‍ ബാലന്‍ തുടങ്ങി യു.ജയചന്ദ്രന്‍ വരെയുള്ളവര്‍ അവതരിപ്പിച്ചത്.


കവിയരങ്ങും ചൊല്‍ക്കാഴ്ചയും തമ്മില്‍ ചെറിയ പാഠഭേദമുണ്ട്. സോപാനം, നാട്യഗൃഹം തുടങ്ങിയ നാടകവേദികളിലെ അഭിനേതാക്കള്‍ കവിതകള്‍ ചൊല്‍ക്കാഴ്ചയായി അവതരിപ്പിക്കാന്‍ തുടങ്ങി. കൊടിയേറ്റം ഗോപി, നെടുമുടി വേണു, കൃഷ്ണന്‍കുട്ടിനായര്‍, എം കെ ഗോപാലകൃഷ്ണന്‍, മുരളി, ജഗന്നാഥന്‍, കലാധരന്‍, രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ തുടങ്ങി നരവധിപേര്‍ രസകരമായി ചൊല്‍ക്കാഴ്ച അവതരിപ്പിച്ചു. സുരാസുവും മുരളിയും ഏകാഭിനയപ്രധാനമായി കവിതകളുടെ ശക്തമായ രംഗഭാഷ സൃഷ്ടിച്ചു.
തെക്കേ ഇന്ത്യയില്‍ മലയാളം വിട്ടാല്‍ തെലുഗുഭാഷയില്‍ ഗദ്ദര്‍ മാത്രമാണ് കവിത ചൊല്ലിനടക്കുന്നത്. ഉര്‍ദുഹിന്ദി സ്വാധീനമേഖലകളില്‍ മുശായിര ഇപ്പോഴുമുണ്ട്. ബംഗാളിലെ ഉള്‍നാടുകളില്‍ അതാത് ഉത്സവപ്പറമ്പുകളില്‍മാത്രം ബാവുല്‍ഗാനം അവതരിപ്പിക്കുന്ന അസാധാരണര്‍ ഉണ്ട്. കവിയരങ്ങും ചൊല്‍ക്കാഴ്ചയും അപചയത്തിലേക്കു വീണത് ലളിതഗാനത്തെ മധുരമാക്കി അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോഴും വയറ്റത്തടിച്ചുള്ള പാട്ടുകളെ കവിതയായി തെറ്റിദ്ധരിച്ചപ്പോഴുമാണ്.


പിറുപിറുക്കുന്ന സ്വഭാവത്തിലുള്ള കവിതകളും ഗദ്യഭേദങ്ങളും ചൊല്‍ക്കാഴ്ചയില്‍ പ്രസക്തമാണ്. വിരസവും ഏകസ്വരവുമായ ഗദ്യം എഴുതാന്‍മാത്രം കഴിയുന്ന വടക്കുന്നാഥന്മാര്‍ കാലാകാലങ്ങളില്‍ അവരെ എഴുന്നള്ളിക്കുന്ന വേദകളെ ഒഴിച്ചുള്ള എല്ലാ ചൊല്‍ക്കാഴ്ചകളേയും ആക്ഷേപിച്ചു.
വിസ്തൃതമായ ഇടങ്ങള്‍ വേണ്ടാത്തവരും മഹാസങ്കടങ്ങള്‍ ഇല്ലാത്തവരും ഒരേമട്ടില്‍ ഈണത്തിലോ ഗദ്യത്തിലോ ഉരതൂറ്റുന്നവരും പ്രതികര്‍മ്മവിചിത്രഭാവങ്ങള്‍ ആരോഹണാവരോഹണക്രമത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിവില്ലാത്തവരും ദീര്‍ഘശ്വാസവും ലീനധ്വനികളും എടുക്കാന്‍ കെല്പില്ലാത്തവരും ചൊല്‍വഴിയെ ആക്ഷേപിക്കുന്നു.


കവിതയെന്നപേരില്‍ അച്ചടിച്ചുവരുന്നവയില്‍ ഭൂരിപക്ഷവും കവിതകള്‍ അല്ലാതിരിക്കുകയും പത്രാധിപന്മാരുടെ കാവ്യനിരക്ഷരത വെളിപ്പെടുത്തുകയും ചെയ്യുന്നവയായിരിക്കെ ചൊല്ലരങ്ങുകളിലും ഭൂരിപക്ഷവും പലപ്പോഴും കവിതയേ ഇല്ലാതെ പോകുന്നു. പൂവും കായും ഇല്ലാത്ത മരത്തലകളെ മുന്‍നിര്‍ത്തി പുഷ്പഫല സമ്പന്നതയെ നമുക്കു നിരാകരിക്കാന്‍ ആവില്ല.


ലോകത്ത് കവിത ചൊല്ലല്‍ വലിയ സംഭവമായിരുന്നു, ആണ്. മയക്കോവ്‌സ്‌കിയുടെ കവിത കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ കൂടിയിരുന്നു. സ്ത്രീവേഷം കെട്ടി ടിക്കറ്റുവെച്ച് അലന്‍ ഗിന്‍സ്‌ബെര്‍ഗ് കവിത അവതരിപ്പിച്ചിരുന്നു. പാശ്ചാത്യനഗരങ്ങളിലെല്ലാം പ്രതിവാരപ്രതിമാസ കാവ്യവായനാ സങ്കേതങ്ങള്‍ ഉണ്ട്. നെരൂദ പൊതുജനമായ പൊതുജനത്തിന്റെ മുമ്പിലെല്ലാം കവിത ചൊല്ലി. ആഫ്രിക്കന്‍ കവികളും ആഫ്രോ അമേരിക്കന്‍ കരീബിയന്‍ കവികളും കൂടുതലും ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അവതരണം നാടകീയമായിട്ടാണ്.


നല്ലകവിതയുടെ നാനാരീതിയിലുള്ള അവതരണത്തിന്റ പലവഴികളില്‍ ഒന്നായും കവിതയുടെ ജനകീയമായ ഇടപെടലിന്റെ മാധ്യമമായും മനുഷ്യര്‍ ഉരിയാടിക്കൊണ്ടിരിക്കുന്നകാലം വരെ ചൊല്‍ക്കാഴ്ചയ്ക്കും പ്രസക്തിയുണ്ട്. ആധുനികകാലത്ത് കവിതാവതരണമത്സരവേദികളില്‍ ഗദ്യകവിതകള്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കേണ്ടതാണ്. ഛന്ദസ്സിന്റെ സംക്രമണനൈരന്തര്യം മലയാളത്തിലുള്ളതുപോലെ ലോകത്തിലെ ഒരു ജീവല്‍ഭാഷയിലും ഇല്ല. ആറ്റൂരിന്റേയോ പി.പി.രാമചന്ദ്രന്റേയോ റഫീക്ക് അഹമ്മദിന്റേയോ അന്‍വര്‍, ജോസഫ്, ടോണി തുടങ്ങിയവരുടേയോ പല കവിതകളും വ്യവസ്ഥാപിതഛന്ദസ്സുകളിലോ മുക്തഛന്ദസ്സുകളിലോ ആയിരിക്കുന്നതുകൊണ്ടു ദോഷം ഒന്നുമില്ല.


പഴയകാലത്തെ സൂതമാഗധന്മാരുടെയും ശുകസാധാരണന്മാരുടേയും പാണവിറലികളുടേയും സ്ഥാനത്ത് നാഗരികമായ ഇന്ന് കവിത, നാടകം, കഥ, നോവല്‍ എന്നിവ അഭ്യസിച്ച് ഹോട്ടലുകളിലും സമ്മേളനങ്ങളിലും അവതരിപ്പിക്കുന്ന അരങ്ങാളികള്‍ ലോകത്തിന്റെ നാനാഭാഗത്തും ഉണ്ട്.
 

കൂടുതല്‍ കാഴ്ചപ്പാട്