Ramachandran. P.P

(പുസ്തകം : യന്ത്രവും എന്റെ ജീവിതവും
കവി : എന്‍.ജി. ഉണ്ണികൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്‌സ്, കോട്ടയം)

മലയാളകവിതയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ വിട്ടുപോയ ഒരു പ്രദേശമാണ് എന്‍ജി ഉണ്ണികൃഷ്ണന്‍. ആധുനികതാകാലത്ത് എഴുതിത്തുടങ്ങിയെങ്കിലും അക്കൂട്ടരുടെ പട്ടികയില്‍ എന്‍ജി ഉണ്ടായിരുന്നില്ല. രണ്ടായിരത്തിപ്പതിനൊന്നില്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴും അനന്തരതലമുറയായ പുതുകവിനിരയിലും എണ്ണപ്പെട്ടുകണ്ടില്ല. അടയാളപ്പെടാനോ പട്ടികപ്പെടാനോ വഴങ്ങിക്കൊടുക്കാത്ത ഒരു തന്റേടം എന്‍ജി തന്റെ എഴുത്തിന്റെ മൂന്നു പതിറ്റാണ്ടായി നിലനിര്‍ത്തിപ്പോരുന്നു

2008 മുതല്‍ 2011 വരെയുള്ള കാലയളവില്‍ രചിച്ച കവിതകളുടെ ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ മേല്‍പ്പറഞ്ഞ നിരീക്ഷണം കൂടുതല്‍ പ്രബലമാവുകയാണെന്നും അനുഭവപ്പെടാതിരിക്കില്ല. തിരക്കുകളൊഴിഞ്ഞ ഒരു വിശ്രമജീവിതത്തിന്റെ പോക്കുവെയില്‍ത്തിളക്കമാണ് എന്‍ജിയുടെ സമീപകാലരചനകളില്‍നിന്നു പ്രസരിക്കുന്നത്. മറ്റുള്ളവര്‍ക്കിടയില്‍ തന്നെത്തന്നെ കണ്ടെത്താനുള്ള ചെറിയ ചുറ്റിനടത്തങ്ങള്‍. ഓര്‍മ്മകളും നിത്യനിദാനങ്ങളും കുഴച്ചുണ്ടാക്കുന്ന ചെറുതരം ഉരുവങ്ങള്‍. അകലങ്ങളിലെ സാഹസങ്ങളേക്കാള്‍ അയല്‍പക്കത്തെ സാധാരണങ്ങള്‍. ചെറിയപ്പിള്ളിയിലെ ചെറിയ മനുഷ്യര്‍. ചെറിയ ജീവിതങ്ങള്‍. ചെറിയ സംഭവങ്ങള്‍. സ്വയം ഉന്നയിക്കുകയാണ് എന്‍ജിയുടെ കവിതയില്‍ ചെറുതുകള്‍. ('സ്വയം ഉന്നയിക്കല്‍ ജീവിയായിരിക്കുന്നതിന്റെ രാഷ്ട്രീയം.' ചെറുതു വലുതാവുന്നത് 2005)

മുമ്പില്ലാത്തവിധം ഓര്‍മ്മകളുടെ സാന്നിദ്ധ്യം ഈ കവിതകളെ വ്യത്യസ്തമാക്കുന്നു. മരിച്ചുപോയവര്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കരുത്തരായി കടന്നുവരുന്നു. നിന്ദിതരും പീഡിതരുമായ കലാലോകത്തെ സമാന്തരപ്രവര്‍ത്തകരാണ് ഇവരിലേറെയും. നോത്ര് ദാമിലെ കവി പിയര്‍ ഗ്രിന്‍ഷ്വാറിനെപ്പോലെ തെരുവുതെണ്ടികളായ പ്രതിഭാശാലികള്‍. ജോണ്‍ എബ്രഹാം, ശരത് ചന്ദ്രന്‍, ടി.ആര്‍, ജോസ് ചിറമ്മല്‍, ഏ.അയ്യപ്പന്‍, സുരാസു... കവിയുടെ ഭാഷയില്‍ 'ഉള്ളില്‍ തീയുള്ള ഇനം പറവകള്‍. ദുര്‍മ്മന്ത്രവാദിനി ഉമ്മവച്ച ജീനുകള്‍.' 'എതുകാറ്റില്‍ പൊഴിഞ്ഞാലും ഇക്കൂട്ടരുടെ പേരുകള്‍ എഴുതിയ ഇലകള്‍ കമിഴ്ന്നടിച്ച്, ചെളിചുംബിച്ചു രണ്ടുദിവസമെങ്കിലും തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍..' തന്നെ വഴിതെറ്റിച്ച തെണ്ടികളോടും തെരുവുകളോടുമുള്ള കടപ്പാട് ഈ കവിതകളില്‍ (കോമള്‍ ഗാന്ധാര്‍, ഒരു ഫോര്‍ട്ടുകൊച്ചിക്കുറിപ്പ്, കണ്ണട, അവസാനദൃശ്യം) എന്‍ജി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഭയങ്കര ആത്മാര്‍ത്ഥതകൊണ്ട് രക്തസാക്ഷിത്വം വരിച്ചവരോട് സഹതാപമേയുള്ളു. 'സോദരാ, ഇക്കാണായ ഭൂമിയിലെ സമസ്തനന്മയും ചുമ്മി കുഞ്ചിയൊടിയാതെ വിട്ടുകൊട് ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം.' (അരുതു സോദരാ) വലിയത്യാഗങ്ങള്‍ ചെറിയ ജീവിതങ്ങളെ കരിതേച്ചുകാണിക്കലത്രേ. ഹെലികോപ്ടര്‍ അപകടത്തില്‍ അപമൃത്യുവിന് ഇരയായ നടന്‍ ജയന്‍, ഉരുള്‍പൊട്ടലില്‍ പെട്ടുപോയ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ്, ഗാന്ധിജി എന്നിവരുടെയൊക്കെ ജീവത്യാഗം കവിതയുടെ പ്രകരണത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്നു

ഏറെദൂരം കയറിവന്ന് ഒന്നു കിതപ്പാറ്റി വന്നവഴിയിലേക്കു തിരിഞ്ഞുനോക്കുംപോലെ ഒരു വിശ്രാന്തിയിലാണ് എന്‍ജി ഇപ്പോള്‍. ഋതു വിരമിച്ച നാളുകളിലെ പ്രണയസ്മൃതികള്‍ അങ്ങനെ. നക്ഷത്രകോടികള്‍ എരിഞ്ഞുതീരുംവരെയോ മസ്തിഷ്‌കമരണംവരെയോ നീട്ടിവെച്ച വാസനയായാണ് പ്രണയം ഈ കവിതകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. (വാഷിങ് മെഷീന്‍ ഒരു പ്രണയകവിത, മസ്തിഷ്‌കമരണംവരെ വാസനിക്കുന്നത്, നീലമലൈത്തിരുടന്‍, ഫിഡില്‍ വായിക്കുംകാലം).

ഒട്ടും ഗൃഹാതുരതയില്ലാത്ത വീടോര്‍മ്മകളാണ് എന്‍ജിയുടേത്. മനുഷ്യരും മൃഗങ്ങളും മരങ്ങളും എന്‍ജിയുടെ കുടുംബക്കാര്‍. അവരുടെ വാക്കിലും നോക്കിലും അനക്കങ്ങളിലും കവിതച്ചില്ലുകള്‍. സംഭവബഹുലമായ നിത്യനിദാനങ്ങള്‍. മുഖ്യമായും പെണ്ണുങ്ങളുടെ ലോകമാണത്. അമ്മ, ഭാര്യ, കാമുകി.

ഒറ്റ ഉമ്മ
ഒരു എല്ലന്‍കോരി
മജ്ജയും മാംസവും ചായവും
ചമയവുമായി
ഒരു കഥാപാത്രമായി

ഒഴിഞ്ഞ പാത്രമായ തന്നില്‍ അനുഭൂതി നിറച്ച് കഥാപാത്രമാക്കി പരിണമിപ്പിച്ചവരെക്കുറിച്ചുള്ള കൃതജ്ഞത. ബഷീറിന്റെ കഥാപ്രപഞ്ചത്തെ പലനിലയിലും അനുസ്മരിപ്പിക്കുന്ന വാങ്മയങ്ങളാണ് എന്‍ജിയുടെ വീടോര്‍മ്മക്കവിതകള്‍. പെണ്ണുങ്ങള്‍ക്കിടയില്‍ തന്നിലെ ആണ്മ വളര്‍ന്നു വികസിക്കുന്നതിനെക്കുറിച്ചുള്ള നര്‍മ്മമധുരമായ നിരീക്ഷണങ്ങള്‍. അമ്മയെക്കുറിച്ചുള്ള രണ്ടു കവിതകളും (അമ്മനട, അമ്മമാരുണ്ടാക്കുന്ന പ് രശ്‌നങ്ങള്‍) നന്മയെപ്പറ്റിയുള്ള കണ്ണീര്‍സ്തുതികളാണ്. ഉപ്പും മധുരവുമെന്നപോലെ കരച്ചിലും ചിരിയും കലര്‍ന്ന നിരീക്ഷണങ്ങള്‍.

പോയകാലത്തെ പൊലിപ്പിക്കില്ല എന്‍ജി. ഭൂതം എന്ന കവിതയില്‍ കുടുമ്മികാര്‍ന്നോന്മാരുടെ മണ്ണടിക്കാവിലേക്കൊരു പോക്കുണ്ട്. ഗൃഹാതുരതയോ വൈകാരികതയോ ഇല്ല. എന്നാല്‍ പലപ്പോഴും ഓര്‍മ്മകളുടെ ചാരുകസേരയില്‍ക്കിടക്കുന്ന മധ്യവര്‍ഗ്ഗമനസ്സ്, ചത്തുപോയി എന്നു കരുതപ്പെട്ടതിനെയെല്ലാം ജീവിച്ചിരിക്കുന്നതായി തോന്നിപ്പിക്കുന്ന ഒരു മാന്ത്രികനാണ് (രൂപകം). ഇരിപ്പുമുറിച്ചന്തത്തിനു കൊണ്ടുവെച്ച ആ പഴയ പാട്ടുകോളാമ്പിപ്പെട്ടിയില്‍നിന്ന് സൈഗളും മല്ലിക്കും കേള്‍ക്കുമ്പോള്‍ അയാള്‍ക്ക് ഐ.എന്‍.ഏയില്‍ ചേര്‍ന്ന സിംഗപ്പൂര്‍വല്യമ്മാന്‍ തിരിച്ചുവന്നപോലെയും സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിക്കുംപോലെയും അനുഭവപ്പെടുന്നു. മനസ്സ് പഴമയെ വീണ്ടെടുക്കാന്‍ ഉപകരണം തേടുകയാണ്. സ്വര്‍ണ്ണവര്‍ണ്ണമുള്ള ആ കോളാമ്പി, ചിത്രപ്പണികളുള്ള ഒരു പെട്ടി. (നിത്യവിശ്വസ്തനാം നായയൊന്നിന്‍ പടമുള്ള റെക്കോഡ് പാടും പെട്ടി) തിരിച്ചുപിടിക്കാം അതിലൂടെ ആ സവര്‍ണ്ണപ്പഴമ മുഴുവന്‍.

മണ്ണില്‍ക്കുഴിച്ചിട്ട് ചവറുകൂട്ടി
മണ്ണെണ്ണയൊഴിച്ച് തീ കൊടുക്ക്
ചങ്ങലയിട്ട് താഴിട്ടുപൂട്ടി
ആഴക്കടലിലെറിഞ്ഞുകള
മനസ്സൊരു ഗംഭീരപുള്ളിയാണ്
മറിമായംകാട്ടി ചിരിച്ചുനില്‍ക്കും

മനസ്സ് മുതുകാടാവുകയാണ്. ശില്പപരമായി എന്‍ജിയുടെ സ്ഥിരംശൈലിയില്‍നിന്ന് വേറിട്ട ഒരു കവിതകൂടിയാണിത്. ഒരു പാട്ടുപെട്ടിയെപ്പറ്റി തുടങ്ങിയതുകൊണ്ടോ ഈണമുള്ള പദ്യത്തില്‍ എന്‍ജി ആദ്യമായാണ് ഇങ്ങനെയൊരു കവിത എഴുതുന്നത്. ഒരുപക്ഷെ പഴമയും പൊലിമയും പ്രമേയമായതുകൊണ്ടാകാം പദ്യംതന്നെ തിരഞ്ഞെടുത്തത്.

എണ്ണയിട്ട യന്ത്രംപോലെ നന്നായി ഓടുന്ന ലോകത്തോടുള്ള കലഹമാണ് എന്‍ജി യുടെ കല. മൃതിയേക്കാള്‍ ഭയാനകമാണ് യാന്ത്രികത. യന്ത്രവും എന്റെ ജീവിതവും എന്ന ശീര്‍ഷകത്തില്‍ത്തന്നെ എന്‍ജി ഈ വൈരുദ്ധ്യം തന്റെ കൊടിയടയാളംപോലെ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.

സമസ്തജീവിതചര്യകളേയും ഭീകരമായ ഒരാവര്‍ത്തനത്തിന്റെ ഭാഗമാക്കിമാറ്റുന്ന യന്ത്രം വംശീയതയില്‍ ദുരഭിമാനംകൊള്ളുന്ന ഒരു ഭരണക്രമത്തിന്റെ ആധിപത്യമായും അനുഭവപ്പെടാം. ആന്ദ്രേ എസ്‌കോബാറിനെ കൊല്ലുന്നതില്‍നിന്ന് ഞാന്‍ ഒഴിവായത് എന്ന അസാധാരണമാനങ്ങളുള്ള കവിത എന്‍ജിയുടെ രാഷ്ടീയനിലപാടുകൂടിയാണ്

ഒറ്റനോക്കില്‍ കളി
എന്നാല്‍ ഇത്
എവറസ്റ്റ് കൊടുമുടിയിലും
തുള്ളിക്കളിക്കുന്ന പതാകയുടെ കാര്യം

എന്ന് കളിയെ കാര്യമാക്കുകയും കാര്യത്തെ കളിയാക്കുകയും ചെയ്യുന്ന ഒരു തീവ്രവാദി ഉള്ളില്‍ തലപൊക്കുകയാണ്. ഗ്യാലറിയിലിരിക്കുന്ന തന്റെ ചോരയില്‍ തിളച്ചുപൊങ്ങുന്നത് ഗോഡ്‌സെയെങ്കില്‍, നമ്മുടെ ആള്‍ അവരുടെ ആള്‍ എന്ന് ആവേശംകൊള്ളുന്ന കളിക്കളത്തില്‍ സെല്‍ഫ്‌ഗോള്‍ അടിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ആന്ദ്രേ എസ്‌കോബാര്‍ മറ്റാരുമല്ലാത്തവിധം സ്പഷ്ടമാവുകയാണ്.

പതാക പച്ചകുത്തിയ
എന്റെ മുഖം മുറുകി
സെല്‍ഫടിച്ചാല്‍...
തോക്കില്‍ പിടി മുറുകി

എന്നാല്‍ മറ്റൊന്നാണ് സംഭവിച്ചത്.

ചിക്കെന്ന്
മുപ്പത്തിമുക്കോടി ദേവകളാരോ
ചൂണ്ടയിട്ടമാതിരി
പന്തുപൊന്തി വായുമധ്യേ
ചന്ദ്രബിംബമായി

അപ്രതീക്ഷിതങ്ങളുടേയും യാദൃച്ഛികതകളുടേയും സുന്ദരകലയാണ് ഈ ചന്ദ്രബിംബം. അത് ഘാതകനെ സാധുവാക്കുന്നു. മൌലികവാദത്തെ അസാധുവാക്കുന്നു. വായുവില്‍ നിശ്ചലമായിപ്പോയ പന്ത് എന്ന അസാദ്ധ്യതകൊണ്ടാണ് ഇവിടെ കവി ചരിത്രത്തെ ഗതിമാറ്റിവിടുന്നത്. ചരിത്രത്തില്‍ ഫാസിസ്റ്റുകളുടെ ആദ്യ ഇരകള്‍ കലാകാരന്മാരായിത്തീര്‍ന്നത് മറ്റൊന്നുകൊണ്ടുമാവില്ല.

സമീപം വിദൂരം എന്നിങ്ങനെ അകലത്തെക്കുറിക്കുന്ന ദ്വന്ദ്വങ്ങളെ എന്‍ജി തരംകിട്ടുമ്പോഴെല്ലാം പരസ്പരം മാറ്റിവെച്ചു കളിക്കുന്നുണ്ട്. അകലേക്കു നോക്കുന്ന കണ്ണാണ് എന്ന് പറഞ്ഞതിനു പിന്നാലെ എന്തകലെ എന്ന് ആ നോട്ടത്തെ ചെറുതാക്കുകയും ചെയ്യും. (പശുവിനെക്കുറിച്ച്..) ഗാങ്‌ടോക്കില്‍നിന്നു വന്നയാള്‍ അവിടത്തെ കാഴ്ചകള്‍ വര്‍ണ്ണിക്കുമ്പോള്‍ താനും അവിടെ പോയിട്ടുണ്ടെന്ന് കേട്ടുനിന്ന കവി അറിയാതെ പറഞ്ഞുപോയി. (ഗാങ്‌ടോക്ക്) അത് ഡ്യൂട്ടിയുടെ ഭാഗമായിരുന്നില്ലേ എന്ന് തിരിച്ചുചോദിച്ച് അയാള്‍ തന്റെ ഗാങ്‌ടോക്ക് യാത്രയെ സവിശേഷമാക്കുന്നു. അതിലെ അഹന്ത ആദ്യം മുറിപ്പെടുത്തിയെങ്കിലും മറ്റൊരു കാഴ്ചപ്പാട് സാദ്ധ്യമാണെന്ന് കവി ചിന്തിക്കുന്നു. കല്‍ക്കത്തയില്‍നിന്ന് ഗാങ്‌ടോക്കിലേക്കുള്ള ദൂരം എല്ലാവര്‍ക്കും ഒന്നായിക്കൊള്ളണമെന്നില്ല എന്ന് തിരിച്ചറിയുന്നു.

ഓരോരുത്തന്റേയും
മനോനിലയനുസരിച്ച് മാറുമായിരിക്കും
ഗാങ്‌ടോക്കെന്നല്ല
ഏതു സ്ഥലവും
ഏതായാലും എന്റെ ഗാങ്‌ടോക്കല്ല
അദ്ദേഹത്തിന്റേത്
അത് ഏതെന്നു കേള്‍ക്കാന്‍
കാതുകളിലേക്കു ചുരുങ്ങി
എന്റെ ഗാങ്‌ടോക്ക്
തെളിഞ്ഞുതുടങ്ങി.

അവന്റേത് അവനും തന്റേത് തനിക്കും എന്ന അഭിമാനവും സഹിഷ്ണുതയും സ്ഫുരിക്കുന്ന ഒരു ദര്‍ശനത്തില്‍ കവിത ഒടുങ്ങുകയാണ്. മറ്റൊരുവിധത്തിലും അകലത്തെക്കുറിച്ചുള്ള സങ്കല്പം തിരുത്തിയെഴുതുന്നുണ്ട് എന്‍ജി, മാനസസരോവരം എന്ന കവിതയില്‍. ശരീരംകൊണ്ടല്ല, മനസ്സുകൊണ്ടു ലോകം ചുറ്റുന്നവനാണ് യഥാര്‍ത്ഥ സഞ്ചാരി. അതിവേഗത്തില്‍ ഉലകം ചുറ്റിവന്ന സുബ്രഹ്മണ്യനെ അതിലുംവേഗത്തില്‍ മാതാപിതാക്കളെ വലംവെച്ച് ഒന്നാമതെത്തുന്ന ഗണപതി തോല്പിക്കുന്നു. തന്റേത് ക്ലേശകരമായ ദീര്‍ഘയാത്രമാത്രം. അവന്റേതാകട്ടെ അനായാസമായ ഭാവനാസഞ്ചാരം.

കണ്ടിട്ടില്ല ഞാനിതേവരെ
അരയന്നത്തിനെ
കറങ്ങീ മാനസസരോവരമെങ്കിലും
ഒരു തോന്നലാണെനിക്ക്
ഒരിയ്ക്കലും ഹിമാലയം കാണാനിടയില്ലാത്ത
അവന്റെ മനസ്സിലുറ്റുനോക്കിയാല്‍
ചിലപ്പോള്‍ കാണാം
സ്വര്‍ണ്ണച്ചിറകുകള്‍ വീശി
അതു പറന്നിറങ്ങുന്നതും
ശാന്തമായ് തുഴയുന്നതും.

ഈ ഗണപതിവഴിയായിരിക്കണം എന്‍ജിയുടെ കാവ്യശൈലിയുടെ മുദ്രയായി കണക്കാക്കാവുന്ന ന്യൂനോക്തിയുടെ ന്യായീകരണവും എന്നു ഞാന്‍ കരുതുന്നു. അതുമാത്രമല്ല, ദര്‍ശനത്തില്‍ വലുതുകളെയും അകലങ്ങളേയും വിട്ട് ചെറുതുകളിലും അടുത്തുള്ളതിലും അത്ഭുതംകൂറുന്ന ചെറുപ്പം ചെറുതാകാതെ നിലനിര്‍ത്തുന്നതും.


എന്‍ജിയുടെ ഇന്നോളമുള്ള കാവ്യസംഭാവനകളില്‍ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന ഒരു ദീര്‍ഘരചനയെക്കുറിച്ച് ഒന്നു പരാമര്‍ശിക്കുകമാത്രം ചെയ്തുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. 2011 ല്‍ രചിച്ച പശുവിനെക്കുറിച്ച് പത്തു വാചകങ്ങള്‍ എന്ന എന്‍ജിയുടെ ഈ ആഖ്യാനകാവ്യം പലനിലയ്ക്കും അപൂര്‍വ്വതകളുള്ള കാവ്യസംരംഭമാണ്.

കമ്പനിജീവിതത്തിന്റെ യാന്ത്രികതയില്‍നിന്നും സങ്കീര്‍ണ്ണതയില്‍നിന്നും പശുപരിപാലനത്തിന്റെ ജൈവികതയിലേക്കും ലാളിത്യത്തിലേക്കുമുള്ള ഒരു ഗ്രാമത്തിന്റെ പരിണാമകഥയിലൂടെ ആധുനികതയ്ക്ക് ഒരുത്തരകാണ്ഡം എഴുതിച്ചര്‍ക്കുകയാണ് കവി. എന്‍ജിയുടെ ജീവിതവീക്ഷണത്തിന്റേയും സൌന്ദര്യദര്‍ശനത്തിന്റേയും സമഗ്രതമാത്രമല്ല, നാം ജീവിക്കുന്ന ലോകത്തെ ഇത്ര സങ്കീര്‍ണ്ണമല്ലാതെയും സമീപിക്കാമെന്നും പുതുക്കിപ്പണിയാമെന്നുമുള്ള ഒരു മാനിഫെസ്‌റ്റോകൂടിയാണ് ഇക്കവിത. There Is No Alternative എന്ന് ലോകത്തെ നിസ്സഹായരും വിധേയരുമാക്കുന്ന ആഗോളാധിപന്മാരോട് ചെറിയപ്പിള്ളിയിലിരുന്ന് ഈ മനുഷ്യന്‍ മറ്റൊന്ന് സാദ്ധ്യമാണ് എന്ന് ഉച്ചത്തില്‍ (അമാന്യമായി) വിളിച്ചുകൂവുന്നു.

കൂടുതല്‍ കാഴ്ചപ്പാട്