Ramachandran. P.P

റൊബെര്‍ടോ ജുവാറോസ് (അര്‍ജന്റീന / 1925 – 1995)

എഴുതിയ ഓരോ കവിതയ്ക്കും പ്രസിദ്ധീകരിച്ച എല്ലാ കവിതാസമാഹാരങ്ങള്‍ക്കും ഒരേയൊരു ശീര്‍ഷകം: "ലംബകവിതകള്‍”. അര്‍ജന്റീനിയന്‍ കവി ജുവാറോസിനെ വ്യത്യസ്തമാക്കുന്നത് ഈ പ്രത്യേകതയാണ്. ലംബകവിത എന്നത് ഒരു ശീര്‍ഷകം മാത്രമല്ല. ജുവാറോസിന്റെ കാവ്യാദര്‍ശവും ഒരുപക്ഷെ ജീവിതദര്‍ശനവുമാണ്. എന്താണ് ഈ ലംബമാനം കൊണ്ട് അര്‍ത്ഥമാക്കുന്നത്?

പരപ്പാണ് തിരശ്ചീനം. ആഴവും ഉയരവും ലംബമാനത്തിലാണ് ഉള്ളത്. ചുറ്റുപാടുകളെ നാം ഗ്രഹിക്കുന്നത് തിരശ്ചീനമായ തലത്തിലാണ്. അത് വ്യവസ്ഥാപിതവും രേഖീയവുമാണ്. അതിനെ ഭേദിച്ചുകൊണ്ടുള്ള ഒരു നിലപാടാണ് ലംബമാനത്തിനുള്ളത്. രേഖാംശത്തെ ഖണ്ഡിക്കുന്ന അക്ഷാംശരേഖപോലെ പരപ്പിനെതിരെ കുത്തനെയുള്ള ഒരു നിലപാട്.

നശ്വരതയുടെ അനേകബിന്ദുക്കളാല്‍ അങ്കനം ചെയ്യപ്പെട്ട ഒരു രേഖയായിമാത്രമേ അത് അനശ്വരതയെ കാണുന്നുള്ളു. ഒരിക്കലും പൂര്‍ത്തിയാക്കാനാകാത്ത ഒരു പ്രക്രിയയുടെ അപൂര്‍ണ്ണഭാഗങ്ങളാണ് ഓരോ കവിതയും. അതുകൊണ്ട് ജുവാറോസിന്റെ കവിതകള്‍ക്ക് തുടര്‍ച്ചയോ വളര്‍ച്ചയോ ഇല്ല. ആദിമധ്യാന്തങ്ങളോ പൌര്‍വ്വാപര്യങ്ങളോ ഇല്ല. അരേഖീയമാണ് അത്.

മനുഷ്യാവസ്ഥയ്ക്ക് ശൂന്യതയിലേക്കു തുറക്കുന്ന ഒരു വശമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ചരിത്രപരതയോ സമകാലികതയോ ജുവാറോസിനെ പ്രചോദിപ്പിച്ചില്ല. സ്വന്തം വ്യക്തിജീവിതാനുഭവങ്ങളെപ്പോലും കവിതയ്ക്കു വിഷയമാക്കിയില്ല. വസ്തുനിഷ്ഠവും വിചാരനിഷ്ഠവുമായ രചനകളായിരുന്നു അദ്ദേഹത്തിന്റേത്. മിക്കവാറും മൂര്‍ത്തവും അമൂര്‍ത്തവുമായ ബിംബങ്ങള്‍ ഇടകലര്‍ത്തിക്കൊണ്ട് പ്രസ്താവങ്ങളുടെ ശൈലിയിലാണ് ജുവാറോസ് എഴുതിയത്.

"കേവലനിമിഷങ്ങളുടെ കവി" എന്നാണ് ഒക്ടോവിയ പാസ് ജുവാറോസിനെ വിശേഷിപ്പിച്ചത്. "ആശ്ചര്യകരമാംവിധം ഘനീഭവിക്കുന്ന വാങ്മയം, ഭാഷ ഒരു തുള്ളി പ്രകാശം കണക്കെ കുറുകുന്ന വിസ്മയം" എന്നെല്ലാം പാസ് അദ്ദേഹത്തിന്റെ രചനകളെ വിലയിരുത്തി. വെര്‍ട്ടിക്കല്‍ പോയട്രി എന്ന ശീര്‍ഷകത്തില്‍  ജുവാറോസിന്റെ ആദ്യസമാഹാരം പുറത്തിറങ്ങുന്നത് 1958ലാണ്. തുടര്‍ന്ന് അതേ ശീര്‍ഷകത്തില്‍ പതിനഞ്ചോളം സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ബ്യൂണസ് അയേഴ്സില്‍ ലൈബ്രറിസയന്‍സ് പ്രൊഫസറായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ലോറാ സെറാറ്റോയും അറിയപ്പെടുന്ന കവയിത്രിയാണ്. മേരി ക്രോ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത Vertical Poetry – Last poems ആണ് അവസാനം പ്രസിദ്ധീകരിച്ച കൃതി.

കാലത്തിനെതിരെ സ്ഥലപരമായ ഒരു മാനത്തില്‍ ഊന്നുന്നവയാണ് ജുവാറോസിന്റെ രചനകള്‍ എന്നു തോന്നിയിട്ടുണ്ട്. ഇവിടെ മൊഴിമാറ്റം ചെയ്ത രചനകളിലെല്ലാം സ്ഥലം മുഖ്യപ്രമേയമായി ഉന്നയിക്കപ്പെടുന്നുണ്ട്. നിശ്ശബ്ദതയേയും ശൂന്യതയേയും എത്തിപ്പിടിക്കാനുള്ള നമ്മുടെ ഭാഷയുടെ പരിമിതി ബോധ്യമാക്കുന്നതായിരുന്നു ഈ പരിഭാഷാപരിശ്രമം.

(കുറിപ്പിനും പരിഭാഷയ്ക്കും അവലംബം: Vertical Poetry – Last poems by Roberto Juarroz / Translated by Mary Crow / White pine press, New York)

ജുവാറോസിന്റെ കവിതകളിലേക്ക് സ്വാഗതം