G.P.Ramachandran

നവോത്ഥാനവും സ്വാതന്ത്ര്യവും കടന്ന്‌, ഐക്യകേരളവും ഔദ്യോഗികഭാഷാപരിഷ്ക്കരണവും കടന്ന്‌, ഇംഗ്ലീഷ്‌ മീഡിയവും എസ്‌ എം എസും കടന്ന്‌, ലൈവ്‌ ടെലികാസ്റ്റുകളും ടെന്നീസിലെ ഗേള്‍വാച്ചിംഗും കടന്ന്‌, ഗോഡ്സേയും മോഡിയും ബുഷും ഷാരോണും കടന്ന്‌, ഗാന്ധിയും അറഫാത്തും ഷാവേസും മേധയും കടന്ന്‌, ഫാഷന്‍ ടി വിയും സൈബര്‍രതിയും കടന്ന്‌ ആധുനിക മലയാളി/മലയാളം എത്തിനില്‍ക്കുന്ന ബ്ലോഗവസ്ഥകളില്‍ ഏതു കവിതയാണ്‌ രചിക്കപ്പെടുന്നത്‌? ശൈലന്റെ ഉത്തരമിതാണ്‌. കവിതയുടെ കൊല്ലുന്ന മൗലി"ഗദ'യേറ്റ്‌ മോര്‍ച്ചറിയിലായ സബ്ബെഡിറ്റര്‍ ട്രെയ്നി ഒരു ഹര്‍ത്താലും മോഹിച്ചു വെറുതെ കിടക്കട്ടെ.(താമ്രപര്‍ണി ശൈലന്‍ പേജ്‌ 29)
കേരളീയ പുരുഷന്‍ ജീവിക്കുന്ന ജീവിതമേതെന്ന്‌ സ്ത്രീകള്‍ക്കറിയില്ല എന്നതാണ്‌ വാസ്തവം. ടി വി ചന്ദ്രന്റെ "ആലീസിന്റെ അന്വേഷണം' ഇറങ്ങിയിട്ട്‌ പത്തിരുപത്‌ വര്‍ഷം കഴിഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. സ്പൂണറിസത്തിന്റെയും മദ്യസദിരുകളുടെയും കാമുകീവില്‍പനയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കേരളീയ പുരുഷാവസ്ഥ വിവരണാതീതമാം വണ്ണം കലുഷിതമാണ്‌. ഞാനുരുകിയൊലിച്ചുണ്ടായ മെഴുകു ശില്‍പങ്ങളില്‍ ഗ്ലിസറിന്‍ പുരട്ടി അവള്‍ നടത്തുന്നു വെളിപ്പെടുത്തല്‍ വാണിഭം... (ആത്മകഥപേജ്‌ 35) എന്ന്‌ പറഞ്ഞൊഴിയാന്‍ കുഞ്ഞാലിക്കുട്ടിയിലേക്കും കുര്യനിലേക്കും തന്ത്രിയിലേക്കും സാത്മീഭവിച്ചുകഴിഞ്ഞുവോ ക്രമീകൃത മലയാളി? വിവാഹം എന്ന അസംബന്ധ വ്യവസ്ഥയുടെ കുറ്റം മുഴുവനും സ്ത്രീക്കുമേല്‍ ചാര്‍ത്തി അവളെ സ്വര്‍ഗപ്രവേശത്തിന്‌ പ്രേരിപ്പിക്കാന്‍ തക്കവണ്ണമുള്ള സുജായികളാണോ മലയാളി പുരുഷന്‍മാര്‍? അയല്‍ക്കാരനെയെന്നപോല്‍ പതിവ്രതേ... വല്ലപ്പോഴുമെങ്കിലും നീ നിന്റെ കെട്ടിയവനേയുമൊന്നു സ്നേഹിച്ചു പ്രണയിച്ചു കാമിച്ചു നോക്കുവിന്‍.... (ഒീ‍ം....! ഹെന്തൊരു ചെയ്ഞ്ച്‌.....!!!)(ബൈബിള്‍ പേജ്‌ 45)
വിശദീകരിക്കാന്‍ സുതാര്യമല്ലാത്തതുകൊണ്ടുതന്നെയാണ്‌ ശൈലന്‍ എന്ന വിചിത്രമായ ചൊല്‍പേര്‌ സ്വീകരിച്ചിരിക്കുന്ന യുവകവി പൊതുബോധത്തിനു പാകമല്ലാത്തതും സവര്‍ണബ്രാഹ്മണ മൂല്യബോധത്തിനു തലവേദനകളുണ്ടാക്കുന്നതുമായ തരം കാവ്യരചനാസമ്പ്രദായത്തില്‍ കൗതുകവും രസവും കണ്ടെത്തുന്നത്‌. വയസ്സു മുപ്പത്തിരണ്ടു തികയും മുമ്പെ ജീവിതം മുച്ചൂടും സുതാര്യം. (പേജ്‌ 24)
പൗരുഷത്തിന്റെ മേധാവിത്ത വാസനകളല്ല ശൈലനെ നയിക്കുന്നത്‌. എന്നാല്‍ കുറ്റബോധത്തില്‍ നിന്നുണരുന്ന സ്വയം വിചാരണയാണ്‌ കവിതയെ നിര്‍ബന്ധിക്കുന്നത്‌ എന്നു ധരിച്ചാലും തെറ്റി. ജീവിതവ്യമല്ലാത്ത ജീവിതത്തെ വിവരിക്കുന്നതിന്‌ മറുഭാഷയും അവാക്കുകളും ഘടനാരാഹിത്യങ്ങളും കൊണ്ട്‌ ഭാഷയില്‍ വഞ്ചി തുഴയുകയാണയാള്‍. കടലിനെച്ചൊല്ലി പാതിരയ്ക്കൊരു കവിത കുറിക്കാനായ്‌ ഉപ്പു പത്തേമാരിയും തുഴഞ്ഞുതുഴഞ്ഞേ പോയ്‌ അറ്റമോളം... തുഴതുഴയോ തുഴ (പേജ്‌ 11)
എന്നാല്‍, സമൂഹം ഈ മ(ാ‍)നംനോക്കിയെയും പൊതിയുന്നുണ്ട്‌. അതുകൊണ്ടയാള്‍ കിഡ്നിവില്‍പനയെയും ഗുണ്ടാരാജ്യത്തെയും പേടിയോടെയും വെറുപ്പോടെയും അറപ്പോടെയും ഉള്‍ക്കൊള്ളുന്നു. ഗുണ്ടാത്മകന്‍ എന്ന ആഴവും മുഴക്കവുമുള്ള ശീര്‍ഷകമിട്ട ചെറുകവിതയില്‍ കവിതയും പ്രേമവും പിച്ചിച്ചീന്തപ്പെടുന്നു. അത്രമേല്‍ വിപണനമൂല്യമേറിയിട്ടും കിഡ്നിയെച്ചൊല്ലി ഒരു കവിയും ഉപമ മെനഞ്ഞതില്ലല്ലോ പേടയേ.... ഒരു കാതലനും എന്നെപ്പോല്‍ നിന്നിലതു തേടിയില്ലല്ലോ...! (പേജ്‌ 15) ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ചത്‌ അഥവാ ശൈലന്റെ കവിതകളില്‍ തന്നെ മികച്ചത്‌ ഈ കവിതയായിരിക്കും.
കള്‍വര്‍ട്ടുകളിലിരുന്നെന്നതിനു പകരം ഓര്‍ക്കുട്ടില്‍ സൗഹൃദം പങ്കിടുന്ന മനുഷ്യരുടെ കാലത്ത്‌ ദുരൂഹത പോലും സുതാര്യമായിത്തീരുകയും സുതാര്യതകള്‍ സങ്കീര്‍ണമായി മാറുകയും ചെയ്യുന്നുണ്ട്‌. തപ്രോബനെ എന്ന്‌ ഗ്രീക്കില്‍ വിശേഷിപ്പിക്കുന്ന ശ്രീലങ്കക്ക്‌ താമ്രപര്‍ണി എന്ന മറുനാമമുണ്ട്‌. നമ്മുടെ തമിഴ്‌നാട്ടിലാകട്ടെ താമ്രപര്‍ണിപ്പുഴ (തിരുനെല്‍വേലി ജില്ല) പതിനേഴ്‌ ദളിതരെ പുഴയിലേക്കോടിച്ചുവിട്ട്‌ കൊന്നൊടുക്കിയതിന്റെ കഠിനമായ ഓര്‍മകളാണ്‌ ബാക്കിവെക്കുന്നത്‌. യോഗവസിഷ്ഠന്റെ മൂന്നാം പുസ്തകത്തില്‍ താമ്രപര്‍ണിയെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്‌. ദക്ഷിണേന്ത്യയുടെ ദേശീയ പാനീയമായ കള്ളിനെയാണ്‌ താമ്രപര്‍ണി എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ശ്രീലങ്കയും കള്ളിന്റെ നാടാണല്ലോ. ശ്രീലങ്കയില്‍ നിന്ന്‌ വന്ന കള്ളുചെത്തുകാരാണ്‌ നമ്മുടെ നാട്ടിലെ ഈഴവരായി മാറിയതെന്നും ഒരു നിരീക്ഷണമുണ്ട്‌. സ്വത്വബോധവും ജാതിയുടെ കുടിലമായ വ്യവസ്ഥകളും ഭാഷയുടെ ഏകോപനങ്ങള്‍ക്ക്‌ ഒട്ടിച്ചുതീര്‍ക്കാനാവാത്ത സ്ഥലജലവിഭ്രാന്തികളും ചേര്‍ന്ന്‌ മാനവികബോധത്തെ അഴിച്ചുപണിയുന്നതിനിടയില്‍ കവിതയുടെ കാറ്റുകള്‍, ഒഴുക്കുകള്‍, അട്ടിമറികള്‍, കള്ളുകുടിക്കൂട്ടുകള്‍ എന്നിങ്ങനെ തകിടം മറിയലുകള്‍ ധാരാളമായി കടന്നു വരട്ടെ. എല്ലാവരും കവിത എഴുതട്ടെ.

കൂടുതല്‍ കാഴ്ചപ്പാട്