Sarju

(കമറുദ്ദീന്‍ ആമയത്തിന്റെ സ്വര്‍ഗത്തിലേക്കുള്ള പടികള്‍ എന്ന സമാഹാരത്തെക്കുറിച്ച്)

ലോകത്തിലേക്ക് നിരവധി വാതിലുകളുള്ളൊരു ഭാഷാസമൂഹമാണെങ്കിലും പ്രാദേശിക വൃത്തത്തിനപ്പുറത്തേയ്ക്കു മലയാളത്തിന് പരിമിതമായ കാവ്യസഞ്ചാരങ്ങളേ ഉണ്ടായിട്ടുള്ളു. ഇത്തിരി വട്ടങ്ങളില്‍ നിന്ന് പെട്ടെന്നുയര്‍ന്നു തൊടാവുന്ന ആത്മീയതയുടെയോ തത്വചിന്തയുടൊയോ പിന്‍ബലമുള്ളൊരു കവ്യബോധം പാരമ്പര്യത്തില്‍ പ്രബലമായതിനാല്‍ എന്നിലുണ്ട് എന്തും എല്ലാരും എല്ലായിടവും എന്നു നടിക്കാനാകും.

അമൂര്‍ത്തമായ ഈ കാവ്യസ്ഥലത്തെ മുറിച്ച് ലോകബോധത്തിന്റെ ഇടങ്ങളെ വിപുലീകരിക്കാന്‍ ആധുനിക കവിതയില്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പോകാത്ത വഴികള്‍ ചുറ്റിപ്പിണഞ്ഞ് കാല് നോവുന്നത് അത് തിരിച്ചറിഞ്ഞിരുന്നു.പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ യഥാര്‍ത്ഥ സ്ഥലങ്ങളും ജീവിതങ്ങളും വേറിട്ടും കൂടിക്കുഴഞ്ഞും അങ്ങനെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മിക്കപ്പൊഴുമിത് ലോകാനുഭവം എന്നതിനേക്കാള്‍ ലോകപരിചയം എന്ന രീതിയിലാണ് സംഭവിച്ചിട്ടുള്ളത്. ഗദ്യം പോയദൂരം കവിത താണ്ടീയില്ല.

ഒരേസമയം വ്യത്യസ്ത രാജ്യങ്ങളിലായി വ്യന്യസിക്കപ്പെടുന്ന ജീവിതത്തേയും (transnationalism) വിവിധ ദേശക്കരായ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തേയും എഴുതുന്നതിലൂടെ ശ്രദ്ധേയമാകുന്ന കൃതിയാണ് കമറുദ്ദീന്‍ ആമയത്തിന്റെ സ്വര്‍ഗത്തിലേക്കുള്ള പടികള്‍ എന്ന കവിതാസമാഹാരം.അന്തര്‍ദ്ദേശീയതയില്‍ (internationalism) രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ തന്ത്രപരമായ ഒരിടവും ആഗോള രാഷ്ട്രീയവുമാണു പ്രധാനമെങ്കില്‍
ട്രാന്‍സ്നാഷനലിസത്തില്‍ ജനതയുടെ സഹകരണത്തിലും സൌഹൃദത്തിലും രൂപപ്പെടുന്ന സചേതനവും വൈകാരികവുമായ ഒരിടവും അതിന്റെ സൂക്ഷ്മ രാഷ്ട്രീയവുമാണുള്ളത്.

ഗള്‍ഫില്‍ ജീവിക്കുന്ന കവിക്ക് നിത്യജീവിത പരിസരം മറ്റ് കുടിയേറ്റരാഷ്ട്രങ്ങളിലേതുപോലെ വിദേശം എന്നതിനേക്കാള്‍ ബഹുദേശീയമാണ്. ഇടത്തരം തൊഴിലിടങ്ങളില്‍പ്പോലും നിരവധി ദേശക്കാര്‍ ഒരുമിച്ച് ജോലിചെയ്യുന്ന സാഹചര്യമാണുള്ളത്. കമറുദ്ദീന്റെ കുഫിയ എന്ന കവിത പശ്ചാത്തലമാക്കുന്നത് ഇത്തരമൊരു തൊഴിലിടമാണ്. ഒരു നിര്‍മ്മാണക്കമ്പനിയില്‍ പലതരം ജോലികള്‍ ചെയ്യുന്ന അറബ്സഹപ്രവര്‍ത്തകര്‍ വേനലവധിക്ക് നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നു. മടങ്ങിവരുമ്പോള്‍ പ്രത്യേകിച്ച് എന്താണ് കൊണ്ടുവരേണ്ടതെന്നതിനെക്കുറിച്ച് അവര്‍ നടത്തുന്ന അന്വേഷണമാണ് കവിതയുടെ സന്ദര്‍ഭം.

ഈജിപ്തുകാരന്‍ ഹസ്സന്‍ ഷെരീഫ് കൊണ്ടുവരാമെന്ന് പറയുന്നത് മഹ്ഫൂസിന്റെ കിതാബ്, യൂസഫ് ഷഹീന്റെ സിനിമ, ഉം കുല്‍ത്തുവിന്റെ ബയ്ത്ത്,..... തുടങ്ങിയവയാണെങ്കില്‍ ലെബനോണ്‍കാരന്‍ ഗസാന്‍ അബ്ദുള്ളയുടെ ലിസ്റ്റില്‍ മേസിയാദയ്ക്ക് ജിബ്രാനെഴുതിയ പ്രണയലേഖനങ്ങള്‍ക്കും മരക്കറയില്‍ നിന്നു വാറ്റുന്ന പാലുപോലുള്ള
നാടന്‍ചാരായത്തിനും മുന്തിരയിലയില്‍ പൊതിഞ്ഞ് പുഴുങ്ങിയ അരിപ്പലഹാരത്തിനും ഇടമുണ്ട്.

പ്രതിഭകളിലൂടെ ദേശത്തെ അറിയല്‍ മനുഷ്യര്‍ പിന്തുടര്‍ന്നു പോരുന്ന പഴക്കമുള്ളൊരു വഴിയാണ്. അവിടെ നിന്നുകൊണ്ടാണ് ഈജിപ്റ്റുകാരന്‍ നജീബ് മഹ്ഫൂസിന്റെ സാഹിത്യവും ഉം കുല്‍ത്തുവിന്റെ സംഗീതവും യൂസഫ് ഷഹീനിന്റെ ചലച്ചിത്രവും കൊണ്ടുവരാമെന്ന് പറയുന്നത്. എന്നാല്‍ ലെബനോണ്‍കാരന്‍ ഗസാനാകട്ടെ ദേശത്തെ പ്രതിഭാവിലാസത്തില്‍ മാത്രം കാണാതെ ആസ്വാദനത്തില്‍ നിന്ന് സ്വാദിലേക്ക് സഞ്ചരിക്കുന്നു. തീനും കുടിയും പ്രണയവുമൊക്കെയായി ശരീരത്തെ ഘോഷിക്കുകയും ഭക്ഷണസംസ്കാരം ഭാഷ വിലക്കാത്ത വഴിയാണെന്ന് സൂചിപ്പിക്കുകയും ചെയ്തുകൊണ്ട്‌ മഹാനാഗരികതകള്‍ക്കുപകരം പച്ചമനുഷ്യരെ മുന്‍നിര്‍ത്തുന്നു.

കലയും സാഹിത്യവും തീറ്റപ്പണ്ടങ്ങളുമല്ലാതെ ലോകവുമായി പങ്കുവയ്ക്കാന്‍ മനുഷ്യര്‍ക്ക് മറ്റുചിലതു കൂടിയുണ്ട്. സുഡാന്‍കാരനും ഇറാഖിയും അതാണ് വാഗ്ദാനം ചെയ്യുന്നത്.

പൊതിഞ്ഞുകൊണ്ടുവരട്ടേ
ഇത്തിരി കലാപം
തോളില്‍ത്തട്ടി
ഭീതിയുടെ കണ്ണുരുട്ടുന്നു
ട്രക്ക് ഡ്രൈവര്‍
അഹമ്മദ് കമാലെന്ന സുഡാനി

സായ്പിനെ കെട്ടിയിട്ട
വീട്ടുമുറ്റത്തെ പനയില്‍ കായ്ച്ച
കുരുവില്ലാത്ത ഈന്തപ്പഴമോ
ഒരമേരിക്കന്‍ തലയോ വേണ്ടതെന്ന്
ബസറക്കാരന്‍ ക്യാഷ്യര്‍
ഇമാദ് കുലുങ്ങിച്ചിരിക്കുന്നു ...

കവിത അവസാ‍നിക്കുന്നത്, അവധിതീര്‍ന്ന് ഏറെ കഴിഞ്ഞിട്ടും മടങ്ങി വരാത്ത ഇറാഖുകാരന്‍ ഇമാദിന്റെ ഇരിപ്പിടത്തില്‍ നോട്ടെണ്ണിയിരിക്കുന്ന മദാമയെ ചൂണ്ടിക്കൊണ്ടാണ്. വൈകി മടങ്ങിയെത്തുന്ന പലസ്തീനുകാരി ടൈപ്പിസ്റ്റ് റാണിയ ഹിഷാമിന്റെ സമ്മാനപ്പൊതിയിലുള്ളത് ഒലിവുകായ പോലുള്ള വെടിത്തിരകളും ചോരയില്‍ കുതിര്‍ന്ന കുഫിയയുമാണ്.
കുഫിയ എന്നത് ആറബ് പുരുഷന്മാരുടെ ശിരോവസ്ത്രമാണ്. പലസ്തീനികള്‍ക്ക് അവരുടെ ദേശീയബോധത്തിന്റെ അടയാളവും.

തലപ്പാവഴിച്ചുപിടിക്കുക കേരളീയ നാട്ടുവഴക്കങ്ങളില്‍ വിധേയത്വത്തിന്റെ പ്രകടനമാണ്.
ഭിന്നദേശത്തനിമകള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടയില്‍ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളെ മുന്‍നിര്‍ത്തി ഒരറബ് സ്ത്രീ സമ്മാനപ്പൊതിയില്‍ ശിരോവസ്ത്രം അടക്കം ചെയ്യുന്നത് സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ദേശീയതയുടെ ശിരോവസ്ത്രം അറബ്പുരുഷന്‍ അണിഞ്ഞ അടയാളമാണ്. അത് സ്ത്രീകളുടെ തല മൂടിയിട്ടില്ല. പുരുഷന്മാര്‍ ചാവേറുകളാകുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്യുന്ന സാമൂഹിക സ്ഥിതിയുടെ ദുരിതങ്ങളേയും യാതനകളേയും കുറിച്ച് അറബ് സ്ത്രീ സംസാരിക്കാന്‍ തുടങ്ങുന്നതാണ് ചോരപുരണ്ട് കുഫിയ വെളിവാക്കുന്നത്. അറബ്സ്വത്വം, അറബ് ദേശീയത തുടങ്ങി കവികള്‍ പാടിപ്പുകഴ്ത്തിയ വികാരമേഖലകളിലെ വിള്ളലുകള്‍ ഇവിടെ പ്രകടമാണ്. ദേശീയതയുടെ
സ്ഥുലമായ ഗര്‍വുകളെ അതിനുള്ളില്‍നിന്നുകൊണ്ട് തന്നെ ചോദ്യം ചെയ്യുകയും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും വിശ്വാസത്തിന്റേയും പുതിയ ദേശാന്തരസ്ഥലങ്ങളിലേക്ക് ജീവിതം കൈ വീശുകയും ചെയ്യുന്നു.

ദേശീയത കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒരാശയമാണ്. പ്രവാസം അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള താത്ക്കാലികമായ വിടുതിയും. അതുകൊണ്ടുതന്നെ പ്രവാസത്തിന്റെ രാഷ്ട്രീയം വീണ്ടെടുപ്പിന്റെ രാഷ്ട്രീയമല്ല.സര്‍ക്കാര്‍ നല്‍കുന്ന പാസ്പോര്‍ട്ടുകൊണ്ടും കേവലമായ വോട്ടവകാശം കൊണ്ടും ഒരാളുടെ പൌരത്വം സാധുരിക്കപ്പെടുന്നില്ല. പ്രവാസിയെ സംബന്ധിച്ച്‌ അയാള്‍ ഭാഗീകമായ പൌരത്വത്തിന്‌ മറ്റൊരു രാജ്യത്ത്‌ പൂരണം തേടുന്നു എന്നതാണ് വസ്തുത. ഈ പ്രവണതയില്‍ ഉള്‍പ്പെടാത്ത ദേശങ്ങളൊ ജനവിഭാഗങ്ങളൊ ഇന്നില്ല.ഒരു ശിക്ഷ എന്നതില്‍ നിന്ന് രക്ഷ / സാധ്യത എന്നിടത്തേയ്ക്ക് പ്രവാസം മാറിക്കഴിഞ്ഞു.അതിന്റെ ഇനിയും ഉച്ചരിക്കപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയസൂക്ഷ്മതകളിലേക്കു നോക്കുന്നു എന്നതാണ് കുഫിയയുടെ പ്രത്യേകത.

അതേസമയം ബന്ധങ്ങളുടെ ഒരാദര്‍ശസ്ഥലം നിര്‍മ്മിക്കാന്‍ ഈ കവിത ശ്രമിക്കുന്നില്ല.

കൊണ്ടുവരേണ്ടതെന്ത് നിനക്ക്
ആരായുന്നു
വേനലവധിക്ക് ദേശത്തുപോകും
പണിയിടത്തിലെ അറബിച്ചങ്ങാതികള്‍
ഒരാണ്ടു നീണ്ട
വഴക്ക് വക്കാണങ്ങളൊക്കെയും
പതിരായ് പാറ്റിക്കളയും ചോദ്യം

ഭൂമിയുടെ ഏത് കോണിലുമുള്ള മനുഷ്യരുടെ എല്ലാ വികാരങ്ങളും ഇടകലരുന്ന, വിയോജിപ്പും എതിരഭിപ്രായങ്ങളും വഴക്കുവക്കാണങ്ങളുമുള്ള സാധാരണ ബന്ധത്തെയാണ് കവിത
ഉപജീവിക്കുന്നത്. എന്നാല്‍ കൊണ്ടുവരേണ്ടതെന്ത് എന്നതില്‍ സ്വന്തം ദേശത്തിന്റെ സവിശേഷതകളില്‍ നിന്ന് ലോകത്തിനു സമ്മാനിക്കനുള്ളതെന്ത് എന്ന അന്വേഷണമുണ്ട്. തങ്ങളുടേത് മാത്രം എന്നു കരുതുന്നവ, വിശ്വസിക്കുന്നവ ലോകവുമായി പങ്കിടാനുള്ള ഒരു സന്നദ്ധതയുണ്ട്‌.

സമാനമായ പരിസരത്തിലെ മറ്റൊരു അഭിമുഖീകരണമാണ് ഈ സമാഹാരത്തിലെ അറവ് എന്ന കവിത.കാന്റീന്‍ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഒരു ദിവസം തീന്‍മേശയില്‍ വന്നത് അഫ്ഗാനിസ്ഥാനില്‍ അറുത്തെടുക്കപ്പെട്ട ഒരിന്ത്യന്‍ ശിരസായിരുന്നു. കാന്റീനില്‍ ‍നിന്നിറങ്ങുമ്പോള്‍ എതിരേവന്നത് താലിബാന്‍ പക്ഷപാതിയായ കാബൂളുകാരന്‍ ഉമര്‍ ഖാന്‍-

'അവന്‍ ചൊല്ലിയ സലാം
മടക്കിച്ചൊല്ലാന്‍ വഴങ്ങിയില്ല
ഇന്നെന്റെ നാവ്
തും മുസല്‍മാന്‍ നഹീ ഹെ
അരിശപ്പെട്ട അവന്റെ ചോദ്യത്തിന്
നിന്നെപ്പോലുള്ള മുസല്‍മാനല്ല ഞാനെന്ന്
മുഖത്താട്ടാന്‍ അവന്റെ ആകാരം
എന്നെ അനുവദിച്ചിതുമില്ല'

കുഫിയയില്‍ നിന്നും നേര്‍വിപരീതമായ രണ്ടവസ്ഥകളെയാണ് അറവ് ആവിഷ്കരിക്കുന്നത്. ആദ്യത്തേത് അഫ്ഗാനിസ്ഥാനിലെ മതദേശീയവാദിയായ താലിബാന്‍കാരനും കുടിയേറ്റ ജോലിക്കാരനായ ഇന്ത്യക്കാരനും തമ്മിലുള്ള സംഘര്‍ഷം. ഇത് സാമ്പ്രദായികമായ സ്വദേശീ വിദേശി സംഘര്‍ഷങ്ങളുടെ പഴയ തുടര്‍ച്ചയെന്നനിലയിലല്ല, മറിച്ച് ദേശീയതയുടെ അടിസ്ഥാനമെന്ത് എന്ന സംഘര്‍ഷമാണ്.ഒരു വശത്ത് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്
വഴിതെളിയുമ്പോള്‍ മറുവശത്ത് അത് വംശീയവും മതപരവുമായി പിന്നോട്ടുവലിക്കപ്പെടുന്നു.

കുഫിയയിലെ ആഖ്യാതാവില്‍ നിന്ന് വ്യത്യസ്തനായ ഒരാളാണ് അറവിലുള്ളത്. അഫ്ഗാനിയുടെ കായബലത്തിനുമുന്നില്‍ നിശബ്ദനാക്കപ്പെടുന്ന ഭീരുവാണയാള്‍. മറ്റൊരുവന്റെ കഴുത്തറുക്കപ്പെടു
മ്പോഴും നാക്കെടുക്കാനാവാതെ ഒരാള്‍ തന്റെയുള്ളിലിരിക്കുന്നത് ഏറ്റുപറയുന്ന ഒരാഖ്യാനം.
ഗള്‍ഫില്‍ അഫ്ഗാനിസ്ഥാനിലെ പോലെ പ്രകടമായ സംഘര്‍ഷമില്ല. എന്നാല്‍ സൂക്ഷ്മമായി അതു നിലനില്‍ക്കുന്നു.സലാം മടക്കാത്തതിലുടെ വിയോജിപ്പിന്റെ ഒരു നിശബ്ദത.രണ്ടാമത്തേത്
ഭീരുത്വത്തിന്റെ നിശബ്ദത. കുഫിയയില്‍ സാധ്യതയായി അടയാളപ്പെട്ട അതേയിടം അറവില്‍ വായ്മൂടിക്കെട്ടുന്ന സ്ഥലമായി പ്രശ്നവത്കരിക്കപ്പെടുന്നു. ആശയങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ അകമ്പടീയില്ലാത്ത എഴുത്ത് ഒരേ ഇടത്തെ പലകോണീല്‍ നിന്ന് നോക്കുന്നു. ആവിഷ്കരിക്കുന്നു.

അറവിലെ സംഘര്‍ഷത്തെ മനുഷ്യപ്രകൃതിയിലേക്ക് കൊണ്ടുവരുന്ന കവിതയാണ് ലിഫ്റ്റ്. ലംബമായൊഴുകും വഞ്ചി എന്ന രൂപകം ഉത്തരാധുനിക നഗരങ്ങളിലെ മനുഷ്യഗതാഗത്തിന്റെ ചിഹ്നമാണെങ്കിലും തോണിയാത്ര ഏറ്റവും തുറന്ന പ്രകൃതിയിലായിരിക്കുമ്പോള്‍ ലിഫ്റ്റിലേത് വാതിലുകളൊന്നുമില്ലതെ, ശവപ്പെട്ടിപോലെ അടഞ്ഞ ഒന്നാണ്. വന്‍നഗരങ്ങളില്‍ മനുഷ്യര്‍ ഏറ്റവും അടുത്ത് കണ്ടുമുട്ടുന്ന പ്രധാന ഇടം ലിഫ്റ്റുതന്നെ. എന്നാല്‍ ഏറ്റവും ഹ്രസ്വമായ ആ കൂടിക്കാഴ്ചകളില്‍ അടക്കിയ വാക്കും വികാരങ്ങളും ഒരുമിച്ച് സൃഷ്ടിക്കുന്ന ശ്വാസംമുട്ടലിനെ കവിത ഇങ്ങനെ എഴുതുന്നു. ' ഓരോ കടവിലും കാണും കുറേ ശവങ്ങള്‍ ഞെങ്ങിഞെരുങ്ങി നില്‍ക്കും വികാരങ്ങള്‍. ചാട്ടവീശിയാലും മൂരിനിവരാത്ത വണ്ടിക്കാളകള്‍ ......'
മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം തീരെയില്ലാത്ത ഒരിടമാണ് ലിഫ്റ്റ്. അതുകൊണ്ടുതന്നെ ഓരോരുത്തരും ഓരോ വേഷം.

'ധരിച്ചുപോകരുത്
കണക്കിലും കവിഞ്ഞ
മൌനം വലിച്ചെടുത്ത്
കുടവയറകം വലിഞ്ഞവനെ
അത് ലറ്റാണെന്ന്
കൈകള്‍ പിന്നിലേക്ക്
വരിഞ്ഞുകെട്ടപ്പെട്ടവനെ
നെഞ്ചുവിരിച്ചുനില്‍ക്കും
യോദ്ധാവാണെന്ന് .....'

നഗരം പോലെ മനുഷ്യരും അഴകോടെ നില്‍ക്കുന്ന പുറം മോടികള്‍. പ്രകടമായ വിലക്കുകള്‍ ഇല്ലെങ്കിലും ശ്രദ്ധിച്ചാല്‍ അറിയാം അമര്‍ച്ച ചെയ്യപ്പെട്ടവരുടെ രൂപാന്തരം, ആള്‍മാറാട്ടം. അദൃശ്യമായ ആ പരമാധികാരത്തെ ദൈവത്തിന്റെ ഇരുമ്പുരൂപമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കവിത തുടങ്ങിയിട്ടുള്ളതു തന്നെ. മനുഷ്യര്‍ വായ്മൂടപ്പെടുന്നത്,
ബന്ധിക്കപ്പെടുന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ വ്യവസ്ഥയില്‍ മാത്രമല്ല. ഞെരുക്കം, കൂട്, സ്വാതന്ത്ര്യം, പൊട്ടി തുടങ്ങിയ കവിതകളിലും ലിഫ്റ്റിലെ പ്രമേയത്തിന്റെ തുടര്‍ച്ച വ്യത്യസ്ത രീതികളില്‍ അനുഭവിക്കാനാകും.

'നിനക്ക്
സര്‍വ്വസ്വാതന്ത്രവുമുണ്ട്
റൊട്ടിയുടെ ഏതു ഭാഗത്തും
വെണ്ണ പുരട്ടാം
മുന്തിരി കറുപ്പോ വെളുപ്പോ
ഇഷ്ടമുള്ളത് വാങ്ങിപ്പിച്ചു കഴിക്കാം
..................................................
പുതുപുത്തന്‍ ഫാഷന്‍
വസ്ത്രങ്ങള്‍ ധരിക്കാം
അതിന്റെ മേല്‍
ഏതു വര്‍ണ്ണത്തിലുള്ള
പര്‍ദ്ദയും'

എന്ന് സ്വാതന്ത്ര്യത്തിലും, കൂടോടെ പിറക്കുന്ന ചിലയിനം കിളികളുണ്ട്, വാതില്‍ തുറന്നു വെച്ചാലും പറന്നു പോകാത്തവ, സൌകര്യത്തിന് നാമവരെ ആയിഷ, സൈനബ, ജമീല എന്നൊക്കെ നീട്ടിവിളിക്കാറുണ്ട് എന്ന് 'കൂട്' എന്ന കവിതയിലും സ്വന്തമായ മണ്ണും അദ്ധ്വാനവും സ്വാതന്ത്ര്യത്തിന്റെ വഴിയാകുന്നില്ലെന്ന് ഞെരുക്കത്തിലും എഴുതുന്നു.

' കയര്‍തൊട്ടിലില്‍ ഉറങ്ങുന്നു
കെട്ടിപ്പിടിച്ച്
പാടം വിറ്റതറിയാതെ
അഞ്ചാറ് ഓടപ്പരമ്പുകള്‍

ഉള്ളിലൊളിപ്പിച്ചു വച്ചിട്ടുണ്ട്
ഉമ്മയുടെ പുറം പൊളിക്കാന്‍
കന്നാലിച്ചന്തയില്‍ നിന്നും
പണ്ടുപ്പ വാങ്ങിയ
മെടിയന്‍ കോല്‍....'

രാഷ്ട്രീയവ്യവസ്ഥ എന്ന നിലയില്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെ പിന്തുടരുന്നവയാണ് ജനാധിപത്യം എന്ന കവിത ഉള്‍പ്പെടെ ഈ സമാഹാരത്തിലെ മിക്കരചനകളും. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യഭ്യാസം, ആരോഗ്യം, തൊഴില്‍, തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറപ്പെടാതെ വരുന്ന സാഹചര്യത്തില്‍ പൌരത്വം നാമമാത്രവും യാന്ത്രികവുമായി മാറുന്നതാണ് ഒന്നാമത്തേത്. ഇതാണ് പ്രവാസത്തിന്റെ അടിസ്ഥാനപ്രേരണയും. രണ്ടാമത്തേത് സംസ്കാരത്തിന് ഒരു ജനാധിപത്യതലം ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്ന പ്രതിസന്ധിയാണ്. ജനാധിപത്യസംസ്കാരം എന്നുപറഞ്ഞാല്‍ മലയാളി സാമാന്യമായി മനസിലാക്കുന്നത് ജനാധിപത്യത്തെക്കുറിച്ചുള്ള രാഷ്ട്രീയബോധം എന്നാണ്. സാംസ്കാരിക ജനാധിപത്യം തീര്‍ച്ചയായും അതല്ല. കേരളീയ സംസ്കാരമെന്നത് മലയാളികളായ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതസംസ്കാരങ്ങളുടെ
പൊതുസ്വരൂപമാണെന്നും സാംസ്കാരികമായ പ്രധിനിധാനങ്ങളിലൂടെ മാത്രമേ
രാഷ്ട്രീയവ്യവസ്ഥയ്ക്ക് ഒരടിത്തറയുണ്ടാകൂ എന്നുമുള്ള തിരിച്ചറിവാണത്.

പഴയ രീതികളിലുള്ള വ്യക്തിപരം, സാമൂഹികം എന്ന അറ്റങ്ങളെ തൊട്ടുപോകുന്ന വിശകലന
രീതി ഇന്ന് പൊതുവേ സ്വീകാര്യമല്ലാതായിട്ടുണ്ട് . കുടുംബം, ഗോത്രം, വംശം, ലിംഗം, സമുദായം തുടങ്ങി വ്യക്തിക്കും സമൂഹത്തിനും മധ്യേയുള്ള ഇടദൂരത്തെ പിന്തുടരുന്ന രചനകളാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എന്ന സമാഹാരത്തിലുള്ളത്. കേരളീയ മുസ്ലിം ജീവിതത്തെ പശ്ചാത്തലമാക്കിയ ഒറ്റപ്പെട്ട കവിതകളുണ്ടെങ്കിലും ഇത് ഒരു കവിതാസമാഹാരത്തിന്റെ മുഖ്യ സവിശേഷതയായി മാറുന്നത് സ്വര്‍ഗത്തിലേക്കുള്ള പടികളിലൂടെയാണ്. ആ നിലയ്ക്ക് കമറുദ്ദീന് മുന്‍ഗാമികളില്ല.

എന്താണ് അത്തരം എഴുത്തിന്റെ ആവശ്യകത എന്നതിന്റെ ഉത്തരമാണ് സാംസ്കാരിക ജനാധിപത്യം.എന്നാല്‍ കവിത അന്ധമായ ഒരാദര്‍ശ സ്ഥലമായിരുന്നു. കൂടുതല്‍ വൈകാരികവും. കേച്ചേരിയില്‍ നിന്ന് ആമയത്തെക്കുള്ള ദൂരം അത്ര വലുതല്ലെങ്കിലും മലയാള കവിതാ ചരിത്രത്തില്‍ ഇന്നത് നിര്‍ണ്ണായകമാണ്. വയലാര്‍ രാമവര്‍മ്മ ആയിഷയിലൂടെ കൈ ചൂണ്ടിയ മുട്ടന്‍ തലപ്പാവുകള്‍ക്ക് കിന്നരി വെക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും.

ഉമ്മ, കുഞ്ഞുമ്മ, അമ്മായിമാരുടെ അരപ്പും കലക്കും കുതിര്‍ത്ത കൈവെള്ളകള്‍ നോക്കിയ പറങ്കിമാങ്ങാ മണമുള്ള കുറത്തികള്‍ ( കൈനോട്ടം) ആശ്വസിച്ചിട്ടുണ്ടാകും.കാരണം അത് ഓരങ്ങളില്‍ നിന്ന്‌ ഓരങ്ങളിലേക്ക് അടിത്തട്ടില്‍ നിന്ന് അടിത്തട്ടിലേക്ക് ഒതുക്കപ്പെട്ട ജീവിതങ്ങളാണ്‍്. ഒരു നിശ്വാസമെങ്കിലും അയച്ച് നിശബ്ദതയെ ഭേദിക്കാനാകാത്ത പൊട്ടി,അവളുടെ കൂട് അവളുടെ സ്വാതന്ത്ര്യം... ഉപ്പയുടെ മെടിയങ്കോല്‍ ദൈവം വീശുന്നു

ഇന്നവരുടെ സഹജീവി ബോധം പോലും നേര്‍ച്ചയായി മാറിയിരിക്കുന്നു. ചെവിവേദന കൊണ്ട് കരയുന്ന കുഞ്ഞിന്റെ തലയ്ക്കുഴിഞ്ഞ് തലയണയ്ക്കടിയില്‍ കരച്ചിലിനൊപ്പമടക്കം ചെയ്ത ചുരുണ്ട നോട്ടുകള്‍ രാവിലെ ഭര്‍ത്താവിനെ ഏല്പിച്ച് അവളിങ്ങനെ പറഞ്ഞു
'വാങ്ങിക്കൊടുക്കൂ
കരിങ്കല്‍ മടയില്‍
ചിതറി മരിച്ച ചങ്ങാതിയുടെ
കുഞ്ഞിനൊരുടുപ്പ്.'

ആരേയും അലോസരപ്പെടുത്താത്ത സര്‍വ്വസമ്മതമായ കവിതയുടെ കാലത്ത് എതിര്‍നോട്ടങ്ങളാല്‍ ശ്രദ്ധേയമാണ് കമറുദ്ദീന്റെ കവിതകള്‍. ദേശാന്തര സ്ഥലത്തെ എന്നപോലെ തന്നെ ഏറ്റവും പ്രാദേശികമായ ജീവിതത്തെയും ആയാസരഹിതമായി എഴുതുന്ന കവിയാണ്‍് കമറുദ്ദീന്‍. ഗ്രാമീണ കഥയുടെ അതേ ഭാഷയിലുള്ള ആഖ്യാനമാണ് 'മാങ്ങാക്കാരന്‍' എന്ന രചന. വെളുപ്പിന് മാങ്ങാക്കൊട്ട ചുമന്നുപോയ ആള്‍ മോന്തിക്ക് കൊട്ടയില്‍ ഒരു പെണ്ണിനെയും ചുമന്നു വന്നു. പഴുത്തു ചുവന്ന ഒരു ഒളര്‍ മാങ്ങ അവള്‍ പെറ്റ മക്കള്‍ വളര്‍ന്ന് ഗതി പിടിക്കും മുമ്പ് അവള്‍ മരിച്ചു. രണ്ടാം കെട്ടിന് മകന്‍ നല്‍കിയ പണം കൊണ്ട് മാങ്ങാക്കാരന്‍ ഭാര്യയുടെ പേരില്‍ ഒരു വെയിറ്റിംഗ് ഷെഡ് പണിതു. നിത്യവും അതു വെടിപ്പാക്കി സൂക്ഷിച്ചു. റോഡിനു വീതി കൂട്ടാന്‍ അധികാരികള്‍ ഷെഡു പൊളിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു. അയാള്‍ താജ്മഹല്‍ കണ്ടിട്ടില്ല, കേട്ടിട്ടുതന്നെയുണ്ടാവില്ല, എന്നു തുടങ്ങിയ കവിത ഇങ്ങനെ അവസാനിക്കുന്നു.

'അവിടെക്കിടന്നു ഖല്‍ബുപൊട്ടി
മയ്യത്തായതെന്തിനാണിക്കാ നിങ്ങള്
ബീവിയോടുള്ള പ്രണയം
സൌധം തീര്‍ത്തല്ലാ മരണം വരിച്ചാണ്
തെളിയിക്കേണ്ടതെന്ന് പറയിപ്പിച്ച്
ഷാജഹാന്റെ വിലയിടിക്കാനോ
ഒന്നുമല്ലെങ്കില്‍ ഓനൊരു ചക്രവര്‍ത്തിയല്ലേ
നിങ്ങളോ?'

ഏറ്റവും ജനനിബിഡമായ കവിത എന്നു കമറുദ്ദീന്റെ രചനകളെ വിശേഷിപ്പിക്കാനാകും. മനുഷ്യരെ കിഴിച്ചാല്‍ പിന്നെ എണ്ണി തിട്ടപ്പെടുത്താവുന്ന വാക്കുകളേ കവിതയിലുണ്ടാവൂ. ഈ സാന്നിദ്ധ്യങ്ങള്‍ കമറുദ്ദീന്റെ രചനാ‍രീതിയുടെ പ്രത്യേകതകളിലൊന്നാണ്. അധികം വിസ്തരിക്കാതെ കവിതയെ ലക് ഷ്യത്തോടടുപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. 'കുഫിയ'യിലെ വിവിധദേശക്കാരായ മനുഷ്യരില്‍ നിന്ന് 'കയ്യാല' എന്ന കവിതയില്‍ പള്ളീപ്പറമ്പില്‍ ഉറങ്ങുന്നവരിലേക്ക് അത് നീളുന്നു. ഭാവനയെ ജീവിതവുമായി ബന്ധിപ്പിക്കുകയല്ല. ജീവിതത്തെ ഭാവന ചെയ്യുകയാണ്.മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകാതെ പിടിച്ചുനില്‍ക്കുന്നൊരു കിളിനിഴല്‍. അതിനൊരു പ്രത്യയശാസ്ത്രമോ പ്രഖ്യാപിത നിലപാടോ ഇല്ല.ആഖ്യാതാവ് ചിലപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. 'തത്വജ്ഞാനിയുടെ കല്ല്' ഒരു ഉദാഹരണം.

'കടം കൂട്ടിമുട്ടി ചത്ത
സുഹൃത്തിന്റെ വീട്
തിരക്കിപ്പോയി കൊടുത്ത
കാശിനെന്തെങ്കിലും
തിരിച്ച് വസൂലാക്കാന്‍

കറണ്ടില്ലാ നേരംവിളിമണിയാക്കാനുറച്ച് അവന്റെ കിളിയെ എടുത്തുകൊണ്ടുവന്നെങ്കിലും അതിനെ ഒരു ദിവസം കാണാതായി.കൂട്ടിലൊരു മുട്ട മാത്രം.മാന്ത്രികലിപികളും അക്കങ്ങളും നിറഞ്ഞ തത്ത്വജ്ഞാനിയുടെ കല്ലിനോളം വലിപ്പത്തില്‍ .......
ആഖ്യാതാവില്‍ വാഴുന്ന ആരും പഴിക്കാത്ത ആ പന്നന് ഒരു മുട്ട, ഒരു കല്ല്.

കേരളപാഠാവലിയിലെ കൃഷിക്കാരന്‍ വേലായുധന്‍ മണ്ണില്‍ നിന്ന് അരച്ചാണുയരത്തില്‍
കായ്ച്ചുപഴുത്തുനില്‍ക്കുന്നതിന്റെ ദൃശ്യമുണ്ട് ഈ സമാഹാരത്തിലെ ആദ്യ കവിതയായ വേലായുധനില്‍. ഞാറ് നട്ട നീലിത്തള്ള, നിലമുഴുത ഉരു, കൊക്കില്‍നിന്നും കതിര്‍
വേര്‍പെട്ട പച്ചത്തത്ത, കാതുപൊട്ടിയ തേക്കൊട്ട, തുടങ്ങി കാര്‍ഷികജീവിതത്തിന്റെ അടയാളങ്ങള്‍ നിരവധിയാണെങ്കിലും കളകള്‍ പിഴുതുമാറ്റാത്ത ഒരു കൃഷിരീതിയാണ് ഈ കവിയുടേത്. അത് ഈ സമാഹാരത്തിന്റെ ഒരു കുറവ്.

എന്നാല്‍ മരക്കുതിരയ്ക്ക് ജീവന്‍ വയ്ക്കുന്ന പോലെ അപ്രതീക്ഷിതാനുഭവങ്ങള്‍ ഈ കവിതകളുടെ പൊതുമുദ്രയാണ്.അത് അമ്പതുനില കെട്ടിടത്തിന്റെ മണ്ടയിലെ തരംകെട്ട വാടകജീവിതത്തില്‍ നിന്ന് നീട്ടിക്കുവുമ്പോള്‍ ഏഴാകാശക്കാതുകള്‍ തുളച്ചിറങ്ങിവരും ദൈവത്തിന്റെ മറുകൂവലുകളാകുന്നു.

കൂടുതല്‍ കാഴ്ചപ്പാട്